വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ലെന്നു കേന്ദ്രം
Thursday, February 13, 2025 3:15 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മൃഗങ്ങൾക്കുവേണ്ടിയുള്ള 1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാതിരിക്കാൻ കേന്ദ്രസർക്കാരും മൃഗസ്നേഹികളും ഉയർത്തുന്ന ഏക വാദമാണ് നിയമത്തിലെ 11-ാം വകുപ്പ്.
വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 11 പ്രകാരം വന്യജീവികളെ കെണിയിൽപ്പെടുത്താനും പിടിക്കാനും ആവശ്യമെങ്കിൽ വെടിവയ്ക്കാനും ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകിയിട്ടുണ്ടെന്നാണ് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഇന്നലെ ദീപികയോടു പറഞ്ഞത്. എന്നാൽ, പ്രായോഗികമായി നടപ്പാക്കുന്നതിലെ തടസങ്ങൾ ഇതേ വകുപ്പിൽതന്നെ വ്യക്തമാണ്.
കേന്ദ്ര വന്യജീവി സംരക്ഷണം നിയമം ഭേദഗതി ചെയ്യണമെന്നു കേരളം, കർണാടക, തമിഴ്നാട് സർക്കാരുകളും കേരള എംപിമാരും കർഷക നേതാക്കളും ആവശ്യപ്പെട്ടിട്ടും കേന്ദ്രം കനിഞ്ഞിട്ടില്ല. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി (വെർമിൻ) പ്രഖ്യാപിക്കണമെന്ന കേരളത്തിലെ കർഷകരുടെ ആവശ്യവും തുടർച്ചയായി കേന്ദ്രം നിരസിക്കുകയാണ്.
1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിന് ഒരു ഭേദഗതിയും ആവശ്യമില്ലെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പാർലമെന്റിലും പുറത്തും ആവർത്തിക്കുന്നു. ഈ മാസം ആറിന് എംപിമാരായ ഹാരീസ് ബീരാൻ, എ.എ. റഹീം എന്നിവരുടെ ചോദ്യത്തിനു രാജ്യസഭയിൽ വനംമന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഷെഡ്യൂൾ ഒന്നിൽപ്പെടുന്ന കാട്ടുപന്നികൾക്കും നാടൻ കുരങ്ങുകൾക്കും സംരക്ഷണം തുടരുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. എംപിമാരായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജോസ് കെ. മാണി, ആന്റോ ആന്റണി, കെ. ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ്, എം.കെ. രാഘവൻ തുടങ്ങിയവരുടെ ഇടപെടലുകൾക്കും ഇതേ ന്യായീകരണങ്ങളാണു കേന്ദ്രം നിരത്തിയത്.
1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11-ാം വകുപ്പ്
സെക്ഷൻ 11: ചില സന്ദർഭങ്ങളിൽ വന്യമൃഗങ്ങളെ വേട്ടയാടുന്നത് അനുവദിക്കും.
(1) നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിൽ എന്തുതന്നെ ഉൾപ്പെടുത്തിയാലും, അധ്യായം നാലിലെ വ്യവസ്ഥകൾക്കു വിധേയമായി-
(എ) ഷെഡ്യൂൾ ഒന്നിൽ വ്യക്തമാക്കിയിട്ടുള്ള ഏതെങ്കിലും വന്യമൃഗം മനുഷ്യജീവന് അപകടകരമാണെന്ന് അല്ലെങ്കിൽ വീണ്ടെടുക്കാൻ കഴിയാത്തവിധം വൈകല്യമുള്ളതോ രോഗബാധിതമായതോ ആണെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡനു ബോധ്യപ്പെട്ടാൽ, രേഖാമൂലമുള്ള ഉത്തരവു വഴി അത്തരം മൃഗങ്ങളെ വേട്ടയാടാൻ ആരെയും അനുവദിക്കാവുന്നതാണ്:
അത്തരം മൃഗങ്ങളെ പിടികൂടാനോ ശാന്തമാക്കാനോ സ്ഥലം മാറ്റാനോ കഴിയില്ലെന്നു ചീഫ് വൈൽഡ് ലൈഫ് വാർഡന് ബോധ്യപ്പെട്ടില്ലെങ്കിൽ ഒരു വന്യമൃഗത്തെയും കൊല്ലാൻ ഉത്തരവിടരുത്.
കൂടാതെ, അത്തരം മൃഗങ്ങളെ കാട്ടിൽ പുനരധിവസിപ്പിക്കാൻ കഴിയില്ലെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡനു ബോധ്യപ്പെടുകയും അതിനുള്ള കാരണങ്ങൾ രേഖാമൂലം രേഖപ്പെടുത്തുകയും ചെയ്തിട്ടില്ലെങ്കിൽ അത്തരം പിടിക്കപ്പെട്ട ഒരു മൃഗത്തെയും തടവിൽ സൂക്ഷിക്കാൻ പാടില്ല. വിശദീകരണം.
- (എ) ഖണ്ഡികയുടെ ഉദ്ദേശ്യങ്ങൾക്കായി, സാഹചര്യത്തിനനുസരിച്ച്, അത്തരം മൃഗത്തെ പിടികൂടുന്നതോ സ്ഥലം മാറ്റുന്നതോ ആയ പ്രക്രിയ, പറഞ്ഞ മൃഗത്തിന് ഏറ്റവും കുറഞ്ഞ ആഘാതം ഉണ്ടാക്കുന്ന വിധത്തിൽ നടത്തേണ്ടതാണ്;
(ബി) ഷെഡ്യൂൾ രണ്ടിൽ വ്യക്തമാക്കിയിട്ടുള്ള ഏതെങ്കിലും വന്യമൃഗം മനുഷ്യജീവനോ സ്വത്തിനോ (ഏതെങ്കിലും ഭൂമിയിലെ വിളകൾ ഉൾപ്പെടെ) അപകടകരമാണെന്നു ചീഫ് വൈൽഡ് ലൈഫ് വാർഡനോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ബോധ്യപ്പെട്ടാൽ, വീണ്ടെടുക്കാൻ കഴിയാത്തവിധം വൈകല്യമുള്ളതോ രോഗബാധിതമായതോ ആയ ഏതെങ്കിലും മൃഗത്തെ രേഖാമൂലമുള്ള ഉത്തരവിലൂടെയും അതിനുള്ള കാരണങ്ങൾ വ്യക്തമാക്കിയും, ഒരു നിർദിഷ്ട പ്രദേശത്ത് അത്തരം മൃഗത്തെയോ മൃഗങ്ങളുടെ കൂട്ടത്തെയോ വേട്ടയാടാൻ അനുവദിക്കുകയോ, ഇടയാക്കുകയോ ചെയ്യാം.
(2) സ്വയം സംരക്ഷിക്കുന്നതിനോ മറ്റേതെങ്കിലും വ്യക്തിയുടെ സംരക്ഷണത്തിനോ വേണ്ടി ഏതെങ്കിലും വന്യമൃഗത്തെയോ നല്ല വിശ്വാസത്തോടെ കൊല്ലുകയോ മുറിവേൽപ്പിക്കുകയോ ചെയ്യുന്നത് ഒരു കുറ്റമായിരിക്കില്ല:
ഈ ഉപവകുപ്പിലെ ഒന്നും തന്നെ, അത്തരം പ്രതിരോധം ആവശ്യമായി വരുന്പോൾ, ഈ നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥയുടെയോ അതുപ്രകാരം നിർമിച്ച ഏതെങ്കിലും ചട്ടത്തിന്റെയോ ഉത്തരവിന്റെയോ ലംഘനമായി എന്തെങ്കിലും പ്രവൃത്തി ചെയ്തിരുന്ന വ്യക്തിയെ കുറ്റവിമുക്തനാക്കില്ല.
(3) ഏതെങ്കിലും വ്യക്തിയുടെ സംരക്ഷണത്തിനായി കൊല്ലപ്പെടുകയോ മുറിവേൽപ്പിക്കുകയോ ചെയ്ത ഏതൊരു വന്യമൃഗവും സർക്കാർ സ്വത്തായിരിക്കും.