ഷിൻഡയെ ആദരിച്ച പവാറിനെതിരേ ഉദ്ധവ് പക്ഷം
Thursday, February 13, 2025 3:15 AM IST
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ ആദരിച്ച എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ നടപടിക്കെതിരേ കടുത്ത അതൃപ്തി പരസ്യമാക്കി ശിവസേന (ഉദ്ധവ്) പക്ഷം.
ശിവസേനയെ പിളർത്തുകയും മഹാരാഷ്ട്രയെ ദുർബലമാക്കുകയും ചെയ്ത ആളെ ആദരിക്കുന്നത് മറാഠിജനതയുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയാണെന്ന് ഉദ്ധവ് പക്ഷം വക്താവ് സഞ്ജയ് റൗത് പറഞ്ഞു.
ചൊവ്വാഴ്ച ഡൽഹിയിലാണ് ഷിൻഡെയ്ക്ക് പവാർ ആദരം നല്കിയത്. 98-ാം അഖില ഭാരതീയ മറാഠി സാഹിത്യ സമ്മേളനത്തോടനുബന്ധിച്ച് ഷിൻഡെയ്ക്ക് മഹാദ്ജി ഷിൻഡെ രാഷ്ട്ര ഗൗരവ പുരസ്കാരം ശരദ് പവാർ നല്കിയതാണ് ഉദ്ധവ് പക്ഷത്തെ ചൊടിപ്പിച്ചത്. ഡൽഹിയിൽ നടന്നത് രാഷ്ട്രീയ പരിപാടിയല്ല, സാഹിത്യപരിപാടിയാണെന്നാണ് ശരദ്പവാറിന്റെ പാർട്ടിയുടെ നിലപാട്.