ആൾക്കൂട്ട ആക്രമണം; സംസ്ഥാനങ്ങൾക്കു നേരത്തേ നിർദേശം നൽകിയിട്ടുണ്ടെന്ന് സുപ്രീംകോടതി
Wednesday, February 12, 2025 2:42 AM IST
ന്യൂഡൽഹി: പശുസംരക്ഷണത്തിന്റെ പേരിലുള്ള ആൾക്കൂട്ട ആക്രമണങ്ങളിൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നേരത്തേ നിർദേശം നൽകിയിട്ടുണ്ടെന്ന് സുപ്രീംകോടതി.
സുപ്രീംകോടതിയിലിരിക്കുന്ന ജഡ്ജിമാർക്ക് ഓരോ സംസ്ഥാനങ്ങളിലെയും ഇത്തരം വിഷയങ്ങൾ സൂക്ഷ്മമായി കൈകാര്യം ചെയ്യുകയെന്നതു പ്രായോഗികമല്ലെന്നും പൊതുതാത്പര്യ ഹർജി തീർപ്പാക്കി ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വിഷയവുമായി ബന്ധപ്പെട്ട് ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ സാഹചര്യമാണുള്ളത്. അതിനാൽ പൊതുവായ നിർദേശം പുറപ്പെടുവിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
പശുക്കളെ കള്ളക്കടത്തിൽനിന്നും കശാപ്പിൽനിന്നും സംരക്ഷിക്കുന്നതിന്റെ മറവിൽ "ഗോ സംരക്ഷക പ്രവർത്തകർ’ നടത്തുന്ന ആൾക്കൂട്ട ആക്രമണങ്ങളെയും കൊലപാതകങ്ങളെയും സംബന്ധിച്ച ആശങ്കകൾ ഉന്നയിച്ച് നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.
ആൾക്കൂട്ട ആക്രമണക്കേസുകളിൽ നഷ്ടപരിഹാരം എത്രയായിരിക്കണമെന്നതു കേസനുസരിച്ച് വ്യത്യാസപ്പെടും. ഇതുസംബന്ധിച്ച് ഏകീകൃത നിർദേശങ്ങൾ പുറപ്പെടുവിക്കാൻ കഴിയില്ല.
ഇത്തരത്തിൽ ഏകീകൃത ഉത്തരവ് പുറപ്പെടുവിച്ചാൽ നഷ്ടപരിഹാരം നിർണയിക്കുന്നതിൽ കീഴ്ക്കോടതികൾക്കോ അധികാരികൾക്കോ ലഭ്യമായ വിവേചനാധികാരം എടുത്തുകളയുന്നതിന് തുല്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവിധ സംസ്ഥാനങ്ങളിൽ അവതരിപ്പിച്ച പശുസംരക്ഷണ നിയമങ്ങളുടെ സാധുത പരിശോധിക്കാൻ താത്പര്യമില്ലെന്നും അത്തരം വിഷയങ്ങളിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു.