"വിവരങ്ങൾ നീക്കം ചെയ്യരുത്'; ഇവിഎം പരിശോധനയിൽ സുപ്രീംകോടതി നിർദേശം
Wednesday, February 12, 2025 2:43 AM IST
സനു സിറിയക്
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) സിംബൽ ലോഡിംഗ് യൂണിറ്റുകളും (എസ്എൽയു) കൺട്രോൾ യൂണിറ്റിലെ മെമ്മറി കാർഡുകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രതികരണം തേടി സുപ്രീംകോടതി.
പരിശോധന നടത്തുമ്പോൾ ഇവിഎമ്മിലെ വിവരങ്ങൾ മായ്ക്കുകയോ പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കുകയോ ചെയ്യരുതെന്നും സുപ്രീംകോടതിയുടെ മുൻകാല വിധി ഉദ്ധരിച്ച കോടതി തെരഞ്ഞെടുപ്പു കമ്മീഷനോട് നിർദേശിച്ചു.
സന്നദ്ധസംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, ജസ്റ്റീസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
തെരഞ്ഞെടുപ്പിനുശേഷം രണ്ടാമതോ മൂന്നാമതോ എത്തിയ സ്ഥാനാർഥി രേഖാമൂലം ആവശ്യപ്പെട്ടാൽ അവരുടെ സാന്നിധ്യത്തിൽ മെമ്മറിയിലോ ചിപ്പിലോ യാതൊരുവിധ കൃത്രിമത്വവും നടന്നിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതിനായി പരിശോധന സാധ്യമാക്കാമെന്നായിരുന്നു സുപ്രീംകോടതിയുടെ മുൻ ഉത്തരവ്.
എന്നാൽ, അതിലെ വിവരങ്ങൾ മായ്ക്കാൻ കോടതി ഉദ്ദേശിച്ചിട്ടില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഇത്തരത്തിൽ വിവരങ്ങൾ മായ്ക്കുകയോ പുതിയ കൂട്ടിച്ചേർക്കലുകൾ നടത്തുകയോ ചെയ്യരുതെന്നും തെരഞ്ഞെടുപ്പു കമ്മീഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗിനോട് കോടതി നിർദേശിച്ചു. മോക് പോളിലൂടെയാണ് ഈ പരിശോധന സാധ്യമാക്കുന്നത്.
ഇവിഎമ്മുകളുടെ പരിശോധനയ്ക്കായി തെരഞ്ഞെടുപ്പു കമ്മീഷൻ സ്വീകരിക്കുന്ന നടപടിക്രമം (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ) സുപ്രീംകോടതിയുടെ മുൻ വിധിക്ക് അനുസരിച്ചല്ലെന്നു ചൂണ്ടിക്കാട്ടി എഡിആറിനു വേണ്ടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയിൽ ചൂണ്ടിക്കാട്ടി.
പരിശോധനയ്ക്കായി മതിയായ മാർഗനിർദേശങ്ങൾ കമ്മീഷൻ നൽകിയിട്ടില്ലെന്നും ഹർജിക്കാർ വ്യക്തമാക്കി. തുടർന്ന് ഇവിഎമ്മുകളുടെ പരിശോധനയ്ക്കായി സ്വീകരിച്ച നടപടിക്രമങ്ങൾ വിശദീകരിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാനും തെരഞ്ഞെടുപ്പു കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു.
ഇവിഎമ്മുകളിൽ യാതൊരു തിരുത്തലും നടത്തിയിട്ടില്ലെന്ന കമ്മീഷന്റെ പ്രസ്താവനയും കോടതി ഔദ്യോഗികമായി രേഖപ്പെടുത്തി. ഇവിഎമ്മുകളുടെ പരിശോധനയ്ക്ക് ചെലവ് കണക്കാക്കി കമ്മീഷൻ നിശ്ചയിച്ച 40,000 രൂപ വളരെ കൂടുതലാണെന്നും അതു കുറയ്ക്കുന്നത് പരിഗണിക്കാനും കോടതി ആവശ്യപ്പെട്ടു. മാർച്ച് മൂന്നിന് ഹർജിയിൽ വീണ്ടും വാദം കേൾക്കും.