കടൽ മണൽ ഖനനം: തീരുമാനം പിൻവലിക്കണമെന്നു കേരള എംപിമാർ
Wednesday, February 12, 2025 1:42 AM IST
ന്യൂഡൽഹി: കടൽമണൽ ഖനനം അനുവദിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് എംപിമാരായ കെ.സി. വേണുഗോപാലും എൻ.കെ. പ്രേമചന്ദ്രനും ലോക്സഭയിൽ ആവശ്യപ്പെട്ടു.
കടൽത്തീരത്തെ മണൽ ഖനനം മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും കടലിന്റെ ആവാസവ്യവസ്ഥയെ തകർക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
മത്സ്യസന്പത്തുകൊണ്ട് സമൃദ്ധമായ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന 85 കിലോമീറ്റർ നീളത്തിലുള്ള കൊല്ലം പരപ്പ് അഥവ ക്വയിലോണ്‍ ബാങ്ക് മേഖലയിലാണ് ആഴക്കടൽ മണൽ ഖനനത്തിനുള്ള ടെൻഡർ ലഭിച്ചിരിക്കുന്നതെന്നും ഇത് ഇവിടങ്ങളിലെ മത്സ്യമേഖലയെ തകർത്തുകളയുന്നതാണെന്നും എൻ.കെ.പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. പരിസ്ഥിതി, സാമൂഹ്യ, ആരോഗ്യ ആഘാത പഠനങ്ങൾ നടത്താതെയാണ് ഖനനത്തിനുള്ള നീക്കം.
ആണവോർജ മൂലകങ്ങൾ ഉൾപ്പെടെ അപൂർവ മൂലകങ്ങൾ അടങ്ങിയ ആഴക്കടൽ മണൽ ഖനനം ചെയ്യാൻ സ്വകാര്യ ഏജൻസികൾക്ക് അനുവാദം കൊടുക്കുന്നതിനുള്ള വളഞ്ഞ വഴിയാണ് ഇപ്പോഴത്തെ നടപടിയെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.
ആഴക്കടൽ മണൽ ഖനനം കൊണ്ടുണ്ടാകുന്ന ഗുരുതരമായ ദോഷഫലങ്ങൾ കണക്കിലെടുത്ത് ടെൻഡർ നടപടികൾ നിർത്തിവയ്ക്കണമെന്നും ഖനനനിർദേശം പിൻവലിക്കണമെന്നും വേണുഗോപാലും പ്രേമചന്ദ്രനും ആവശ്യപ്പെട്ടു.