സൗജന്യ വാഗ്ദാനങ്ങൾ ആളുകളെ കൂടുതൽ മടിയന്മാരാക്കുമെന്ന് സുപ്രീംകോടതി
Thursday, February 13, 2025 3:15 AM IST
ന്യൂഡൽഹി: സൗജന്യ വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുന്ന രീതിക്കെതിരേ സുപ്രീംകോടതി. ഇത്തരത്തിൽ സർക്കാരുകൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെ ആളുകളെ ജോലി ചെയ്യുന്നതിൽനിന്നും രാജ്യത്തിന്റെ വികസനത്തിൽ പങ്കാളികളാകുന്നതിൽനിന്നും നിരുത്സാഹപ്പെടുത്തുമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
നഗരപ്രദേശങ്ങളിൽ ഭവനരഹിതരുടെ പാർപ്പിട അവകാശവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കവെയാണു ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
ദരിദ്രരോടുള്ള കരുതലിനെ അഭിനന്ദിച്ച കോടതി അത്തരക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തണമെന്നും രാജ്യത്തിന്റെ വികസനത്തിനു സംഭാവന നൽകാൻ അനുവദിക്കുന്ന നടപടികൾ സ്വീകരിക്കാൻ സർക്കാരുകൾ തയാറാകണമെന്നും നിർദേശിച്ചു.
നഗരങ്ങളിലെ ഭവനരഹിതർക്ക് പാർപ്പിടം നൽകുന്നതുൾപ്പെടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്ന നഗര ദാരിദ്ര്യ നിർമാർജന ദൗത്യത്തിന് അന്തിമരൂപം നൽകുന്ന പ്രക്രിയയിലാണു കേന്ദ്രസർക്കാരെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി കോടതിയെ അറിയിച്ചു.
നഗര ദാരിദ്ര്യ ലഘൂകരണ ദൗത്യം എത്ര സമയത്തിനുള്ളിൽ പൂർത്തിയാകുമെന്ന് വ്യക്തമാക്കാൻ അറ്റോർണി ജനറലിനോട് കോടതി ആവശ്യപ്പെട്ടു. ആറാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.
തെരഞ്ഞെടുപ്പുകളിൽ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനെതിരേ സുപ്രീംകോടതി മുന്പും രംഗത്തു വന്നിരുന്നു. വോട്ടർമാരെ സ്വാധീനിക്കാൻ ഇതു കാരണമാകുമെന്നായിരുന്നു കോടതിയുടെ മുൻ നിരീക്ഷണം.