മഹന്ത് സത്യേന്ദ്ര ദാസ് അന്തരിച്ചു
Thursday, February 13, 2025 3:15 AM IST
ലക്നോ: അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ മഹന്ത് സത്യേന്ദ്ര ദാസ്(85) അന്തരിച്ചു.
മസ്തിഷ്കാഘാതത്തെത്തുടർന്ന് ഞായറാഴ്ച ലക്നോയിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എസ്ജിപിജിഐ) ആശുപത്രിയിലെ ന്യൂറോളജി എച്ച്ഡിയുവിൽ പ്രവേശിപ്പിക്കപ്പെട്ട സത്യേന്ദ്രദാസിന്റെ ആരോഗ്യനില ഇന്നലെ വഷളാവുകയായിരുന്നു.
ഇരുപതാം വയസിൽ നിർവാണി അഖാഡയിൽ ചേർന്ന മഹന്ത് സത്യേന്ദ്രദാസ് 1992ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടശേഷമുള്ള അയോധ്യയിലെ രാംലല്ല ക്ഷേത്രത്തിന്റെ പുരോഹിതനായിരുന്നു.
അയോധ്യ ക്ഷേത്രം പുനർനിർമിക്കപ്പെട്ടശേഷം മുഖ്യപുരോഹിതനായി അവരോധിക്കപ്പെട്ടു. ഇന്ന് ഉച്ചകഴിഞ്ഞ് അയോധ്യയിൽ ജലസമാധി ചടങ്ങുകൾ ആരംഭിക്കുമെന്ന് പിൻഗാമി പ്രദീപ് ദാസ് പറഞ്ഞു.
തികഞ്ഞ ശ്രീരാമദാസനായിരുന്ന മഹന്ത് സത്യേന്ദ്ര ദാസിന്റേത് ശ്രീരാമനായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ആത്മീയലോകത്തിനു വലിയ നഷ്ടമാണ് ഈ വേർപാടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുസ്മരിച്ചു. മാസം നൂറുരൂപ മാത്രം പ്രതിഫലമായി വാങ്ങിയാണ് സേവനം ചെയ്തുവന്നിരുന്നതെന്ന് രാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ ചംപത് റായ് പറഞ്ഞു.