മണിപ്പുരിലെ അനിശ്ചിതാവസ്ഥയ്ക്കു പരിഹാരമായില്ല
Thursday, February 13, 2025 3:15 AM IST
ന്യൂഡൽഹി: അക്രമങ്ങളും വംശീയ ഏറ്റുമുട്ടലും കൊണ്ട് 21 മാസമായി സമാധാനമില്ലാത്ത മണിപ്പുരിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കു പരിഹാരമായില്ല. മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ഞായറാഴ്ച രാജിവച്ചെങ്കിലും പകരം മുഖ്യമന്ത്രിയെ നിർദേശിക്കാനോ രാഷ്ട്രപതി ഭരണത്തിനു ശിപാർശ ചെയ്യാനോ ഇന്നലെയും കഴിഞ്ഞില്ല.
അമേരിക്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചു ഡൽഹിയിലെത്തിയശേഷമേ മണിപ്പുരിലെ രാഷ്ട്രീയ പ്രതിസന്ധിക്കു താത്കാലികമായെങ്കിലും പരിഹാരമുണ്ടാകാനിടയുള്ളൂ.
ഇതിനിടെ, ഭൂരിപക്ഷം എംഎൽഎമാർ അംഗീകരിക്കുന്ന മുഖ്യമന്ത്രിയെ കണ്ടെത്താനാകാത്തതിനാൽ രാഷ്ട്രപതിഭരണം അനിവാര്യമാണെന്ന് ഗവർണർ അജയ് കുമാർ ഭല്ല ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചതായാണു സൂചന.
എന്നാൽ, രാഷ്ട്രപതിഭരണത്തിനു ശിപാർശ ചെയ്യുന്ന റിപ്പോർട്ട് എപ്പോൾ കേന്ദ്രത്തിലേക്ക് അയയ്ക്കുമെന്ന് രാജ്ഭവൻ വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിയാലോചന നടത്തിയാകും അന്തിമ റിപ്പോർട്ട് നൽകുക. മണിപ്പുരിൽ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനാകാത്തത് സംസ്ഥാനത്തെ ജനങ്ങളിൽ ആശങ്കയും ഭയവും വർധിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തി മന്ത്രിസഭ രൂപീകരിക്കുന്നതിനായി വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ കോ-ഓർഡിനേറ്റർ സംബിത് പത്ര മുതിർന്ന നേതാക്കളും എംഎൽഎമാരുമായി നടത്തിവന്ന മാരത്തണ് ചർച്ചകൾ ഇന്നലെയും തുടർന്നെങ്കിലും സമവായമുണ്ടാക്കാനായില്ല. എങ്കിലും മന്ത്രിസഭ രൂപീകരിക്കുന്നതിനാണ് മുൻതൂക്കം നൽകുന്നതെന്ന് സംബിത് പാത്ര ഇംഫാലിലെ ചർച്ചകളിൽ വ്യക്തമാക്കി.
ചട്ടപ്രകാരം ആറു മാസത്തിനകം ചേരേണ്ടിയിരുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനം റദ്ദാക്കിയ ഗവർണറുടെ ഉത്തരവ് സൃഷ്ടിച്ച ഭരണഘടനാപ്രതിസന്ധിയും കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വെട്ടിലാക്കി.
ഇതേസമയം, കുക്കി ഭൂരിപക്ഷപ്രദേശങ്ങളിൽ പോലീസും സുരക്ഷാസേനയും ഇന്നലെയും റെയ്ഡുകൾ നടത്തി. കാങ്പോക്പി ജില്ലയിലെ ഖോരിപോക്, സെഹ്ജാംഗ് ഗ്രാമങ്ങളിലായി ആറേക്കറോളം പോപ്പി കൃഷി നശിപ്പിച്ചതായി സുരക്ഷാസേന അറിയിച്ചു. ഓപ്പിയം മയക്കുമരുന്ന് ഉത്പാദനത്തിനാണ് പോപ്പി കൃഷി ചെയ്യുന്നത്.