അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ചിരഞ്ജീവി
Thursday, February 13, 2025 3:15 AM IST
ഹൈദരാബാദ്: രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച വാർത്തകൾക്കു വിരാമമിട്ട് തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി. രാഷ്ട്രീയത്തിലേക്കില്ലെന്നും സിനിമ നെഞ്ചോടു ചേർത്തുവയ്ക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ചിരഞ്ജീവി പറഞ്ഞു.
തന്റെ ആശയങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളും നടപ്പിലാക്കാൻ സഹോദരനും ആന്ധ്രപ്രദേശ് ഉപ മുഖ്യമന്ത്രിയുമായ പവൻ കല്യാൺ രാഷ്ട്രീയത്തിലുണ്ടെന്നും ചിരഞ്ജീവി പറഞ്ഞു.
2008ൽ പ്രജാരാജ്യം പാർട്ടി രൂപവത്കരിച്ചുകൊണ്ടാണ് ചിരഞ്ജീവി രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. പിന്നീട് 2011ൽ കോൺഗ്രസിലേക്ക് പാർട്ടിയെ ലയിപ്പിക്കുകയായിരുന്നു. 2018ൽ രാഷ്ട്രീയത്തോടു വിടപറഞ്ഞു. സിനിമയിലേക്കു തിരിച്ചെത്തുകയായിരുന്നു.
അതേസമയം, ചിരഞ്ജീവി കോൺഗ്രസിലാണെന്നു കോൺഗ്രസ് പാർട്ടി നേതൃത്വവും ബിജെപിയിലേക്കെന്ന് ചില മാധ്യമങ്ങളും പറയുന്നുണ്ട്.