സായുധ ഗ്രൂപ്പുകളെ വിമർശിച്ച പത്രപ്രവർത്തകനെ തട്ടിക്കൊണ്ടുപോയി
Wednesday, February 12, 2025 2:42 AM IST
ന്യൂഡൽഹി: മണിപ്പുരിൽ അക്രമം നടത്തുന്ന സായുധ ഗ്രൂപ്പുകളെ വിമർശിച്ച മുതിർന്ന പത്രപ്രവർത്തകൻ ലാബ യാംബെമിനെ തട്ടിക്കൊണ്ടുപോയി.
പോലീസിന്റെ ഇടപെടലിനെത്തുടർന്ന് ഇന്നലെ ഉച്ചയോടെ അക്രമിസംഘം 69കാരനായ ലാബയെ വിട്ടയച്ചു. ഇംഫാൽ വെസ്റ്റിലെ വസതിയിൽനിന്നാണ് ഇന്നലെ പുലർച്ചെ അദ്ദേഹത്തെ സായുധസംഘം തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയത്.
മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ രാജിയെത്തുടർന്നുള്ള സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് ടെലിവിഷൻ ചാനലിലെ ചർച്ച കഴിഞ്ഞു മടങ്ങി വീട്ടിലെത്തി മണിക്കൂറുകൾക്കകമാണു തട്ടിക്കൊണ്ടുപോയത്.
സ്റ്റേറ്റ്സ്മാൻ ദിനപത്രത്തിന്റെ മണിപ്പുരിലെ പ്രത്യേക ലേഖകനാണു ലാബ. സംഭവത്തിനു പിന്നിൽ തീവ്ര മെയ്തെയ് ഗ്രൂപ്പായ അരംബായി തെങ്കോൾ ആണെന്നാണു സൂചനയെന്നും പത്രപ്രവർത്തകൻ വ്യക്തമാക്കി.