‘അദാനിക്കുവേണ്ടി മോദിസർക്കാർ അതിർത്തി സുരക്ഷാ നിയമത്തിൽ മാറ്റം വരുത്തി’
Thursday, February 13, 2025 3:15 AM IST
ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ സാന്പത്തികലാഭത്തിനുവേണ്ടി മോദിസർക്കാർ അതിർത്തിസുരക്ഷാ നിയമത്തിൽ മാറ്റം വരുത്തിയെന്ന് ബ്രിട്ടീഷ് മാധ്യമം.
ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നുള്ള ഗുജറാത്തിലെ കവ്ദയിൽ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പാർക്ക് നിർമിക്കാനാണ് അദാനി ഗ്രൂപ്പിനുവേണ്ടി പ്രതിരോധമന്ത്രാലയം അതിർത്തിസുരക്ഷാ നിയമത്തിൽ മാറ്റം വരുത്തിയതെന്ന് ബ്രിട്ടനിലെ "ദ ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു.
പ്രതിരോധ പെരുമാറ്റച്ചട്ടത്തിൽ മാറ്റം വരുത്തിയതോടെ ചൈന, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ തുടങ്ങിയ രാജ്യങ്ങൾക്കും അതിർത്തികളിൽ സമാനമായ നിർമിതികൾക്ക് വഴിയൊരുങ്ങിയെന്ന് പത്രം ചൂണ്ടിക്കാട്ടുന്നു.
നേരത്തേ അതിർത്തിയിൽനിന്ന് പത്തു കിലോമീറ്റർ വരെ പുതിയ നിർമാണപ്രവർത്തനങ്ങൾ നടത്താൻ നിയമം അനുവദിച്ചിരുന്നില്ല. എന്നാൽ ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ സൗരോർജ, കാറ്റാടി യന്ത്ര പദ്ധതികൾ ആരംഭിക്കുന്നതിനായി അതിർത്തിനിയമത്തിൽ മാറ്റം വരുത്താൻ ഗുജറാത്ത് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനെതിരേ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എതിർപ്പ് അറിയിച്ചിരുന്നെങ്കിലും കേന്ദ്രം 2023 മേയിൽ നിയമത്തിൽ മാറ്റം വരുത്തിയെന്നാണ് "ഗാർഡിയൻ’ വിശദീകരിക്കുന്നത്.
നിലവിൽ റാൻ ഓഫ് കച്ചിലെ 445 ചതുരശ്ര കിലോമീറ്റർ ഭൂമി ഗുജറാത്ത് സർക്കാർ അദാനി ഗ്രൂപ്പിന് പാട്ടത്തിനു നൽകിയിരിക്കുകയാണ്. അതിർത്തികളിലെ നിർമാണങ്ങളുടെ മാർഗരേഖയിൽ ഇളവുകൾ വരുത്തുമെന്ന വിജ്ഞാപനം മോദിസർക്കാർ എല്ലാ മന്ത്രാലയങ്ങൾക്കും നൽകിയിരുന്നുവെന്ന് "ഗാർഡിയൻ’ചൂണ്ടിക്കാട്ടുന്നു.
വാർത്ത പുറത്തുവന്നതിനു പിന്നാലെ കോണ്ഗ്രസ് രംഗത്തെത്തി. ബിജെപിയുടെ കപടദേശീയതയുടെ മുഖം ഒന്നുകൂടി വെളിപ്പെട്ടുവെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
എളുപ്പത്തിൽ ആക്രമിക്കാവുന്ന ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ സർക്കാർ ഒരു സ്വകാര്യ കന്പനിക്ക് അനുമതി നൽകി, സൈന്യത്തിന്റെ ഉത്തരവാദിത്വം വർധിപ്പിച്ച് ഇന്ത്യയുടെ നയതന്ത്രപരമായ ആനുകൂല്യം തകർക്കുന്നത് എന്തിനാണെന്ന് ഖാർഗെ ചോദിച്ചു.
സൈന്യത്തിനുമേൽ സുരക്ഷാ ഉത്തരവാദിത്വങ്ങൾ വർധിപ്പിച്ച് പ്രധാനമന്ത്രിയുടെ സുഹൃത്തിന് സാന്പത്തിക ലാഭത്തിനുവേണ്ടി ഭൂമി നൽകിയെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആക്ഷേപിച്ചു. ഒരാളുടെ വ്യാപാര താത്പര്യങ്ങൾ രാജ്യസുരക്ഷയേക്കാൾ വലുതാണോയെന്നും പ്രിയങ്ക ചോദിച്ചു.