പ്രണബ് മുഖർജിയുടെ മകൻ കോൺഗ്രസിൽ മടങ്ങിയെത്തി
Thursday, February 13, 2025 3:15 AM IST
കോൽക്കത്ത: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി കോൺഗ്രസിൽ തിരികെയെത്തി. നാലു വർഷം തൃണമൂൽ കോൺഗ്രസിൽ പ്രവർത്തിച്ചശേഷമാണ് അഭിജിത്തിന്റെ കോൺഗ്രസിലേക്കുള്ള മടക്കം.
ഇന്നലെ കോൽക്കത്തയിലെ പാർട്ടി ആസ്ഥാനത്തു നടന്ന ചടങ്ങിൽ, ബംഗാളിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഗുലാം അഹമ്മദ് മിർ ആണ് അഭിജിത്തിന് കോൺഗ്രസ് അംഗത്വം നല്കിയത്. 2021 ജൂലൈയിലാണ് ഇദ്ദേഹം കോൺഗ്രസ് വിട്ടത്.
തൃണമൂൽ കോൺഗ്രസിലായിരുന്നപ്പോൾ ഇദ്ദേഹത്തിന് പ്രത്യേക റോളൊന്നും ഉണ്ടായിരുന്നില്ല. 2011ൽ കോൺഗ്രസിൽ ചേർന്ന അഭിജിത്, ആ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നൽഹാതി മണ്ഡലത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടു.
പ്രണബ് മുഖർജി രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് നടന്ന ജംഗിപ്പുർ ഉപതെരഞ്ഞെടുപ്പിൽ അഭിജിത് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചു. 2014ലും ഇദ്ദേഹം ജംഗിപ്പുരിൽ വിജയം ആവർത്തിച്ചു.