വന്യമൃഗ ആക്രമണം; കേരളം ചോദിക്കുന്നത് 620 കോടി , കേന്ദ്രം നൽകിയത് 41 കോടി
Thursday, February 13, 2025 3:15 AM IST
സീനോ സാജു
ന്യൂഡൽഹി: വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും വന്യജീവികളുടെ ആവാസവ്യവസ്ഥയുടെ സംയോജിത വികസനത്തിനുമായി 2019 മുതൽ ആറു വർഷം കൊണ്ട് കേന്ദ്രം കേരളത്തിന് സാന്പത്തികസഹായമായി നൽകിയത് 41.47 കോടി രൂപ മാത്രം. വന്യജീവികളുടെ ആവാസവ്യവസ്ഥയുടെ വികസനം, പ്രോജക്ട് ടൈഗർ, പ്രോജക്ട് എലഫന്റ് എന്നീ പദ്ധതികളുടെ കീഴിൽ കേന്ദ്രം അനുവദിച്ചിരിക്കുന്ന തുകയാണിത്.
മുള്ളുകന്പി വേലി, സൗരോർജ വേലി, കള്ളിച്ചെടികൾ ഉപയോഗിച്ചുള്ള ജൈവവേലി, അതിർത്തി മതിലുകൾ എന്നിവ നിർമിച്ച് വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനും വന്യജീവി ആവാസവ്യവസ്ഥയുടെ വികസനത്തിനുമായാണ് ഈ തുക അനുവദിച്ചത്. വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി സംസ്ഥാന സർക്കാരുകൾക്ക് ഫണ്ടുകൾ അനുവദിക്കുന്നുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
2019 മുതൽ 2024 വരെ 30 കോടി രൂപയാണ് കേന്ദ്രം കേരളത്തിനു നൽകിയതെന്ന് ലോക്സഭയിൽ സമർപ്പിച്ച കണക്കുകളിൽ ചൂണ്ടിക്കാട്ടുന്നു. 2024-25 സാന്പത്തിക വർഷത്തിൽ കേരളത്തിന് 11.31 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നതെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് കഴിഞ്ഞ മാസം ഡീൻ കുര്യാക്കോസ് എംപിക്കു നൽകിയ മറുപടിയിലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ തുക വന്യജീവികളുടെയും അവയുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും കൂടിയാണെന്നതിനാൽ മുഴുവൻ തുകയും കേരളത്തിന് വന്യജീവി സംഘർഷം തടയുന്നതിന് ഉപയോഗിക്കാനും കഴിയില്ല.
കേന്ദ്രസർക്കാർ അനുവദിക്കുന്ന തുക കുറവാണെന്നും കേരളത്തിൽ വർധിച്ചുവരുന്ന വന്യജീവി ആക്രമണം ചൂണ്ടിക്കാട്ടി അഞ്ചു വർഷത്തേക്ക് 620 കോടി രൂപയുടെ പ്രത്യേക സാന്പത്തിക സഹായം അനുവദിക്കണമെന്നുമാണ് സംസ്ഥാനത്തിന്റെ ആവശ്യം.