മുഖ്യമന്ത്രിയിൽ സമവായമില്ല; രാഷ്ട്രപതിഭരണത്തിലേക്ക് മണിപ്പുർ
Wednesday, February 12, 2025 1:42 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മണിപ്പുരിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ഡൽഹിയിലും ഇംഫാലിലും ഇന്നലെ നടന്ന ഉന്നതതല ചർച്ചകളിലും സമവായമായില്ല. ഇതോടെ സംസ്ഥാനത്തു രാഷ്ട്രപതിഭരണം ഏർപ്പെടുത്താനുള്ള സാധ്യതയേറി.
ഭരണഘടനയുടെ അനുച്ഛേദം 356 അനുസരിച്ച് സംസ്ഥാനത്ത് രാഷ്ട്രപതിഭരണത്തിന് ഗവർണർ അജയ് കുമാർ ഭല്ല വൈകാതെ ശിപാർശ ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്.ബിജെപിയുടെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സംബിത് പത്ര എംപിയും പാർട്ടി സംസ്ഥാന അധ്യക്ഷ എ. ശാരദാദേവിയും ഇന്നലെ വൈകുന്നേരം ഇംഫാലിലെ രാജ്ഭവനിലെത്തി ഗവർണറുമായി ചർച്ച നടത്തി. കൂടിക്കാഴ്ച അര മണിക്കൂർ നീണ്ടു.
രാജിവച്ച എൻ. ബിരേൻ സിംഗിന്റെ പിൻഗാമിയെ കണ്ടെത്താൻ രണ്ടു ദിവസം മുഴുവൻ നീണ്ട ചർച്ചകളിലും സമവായമുണ്ടാക്കാനായില്ലെന്ന് ബിജെപിയുടെയും സഖ്യകക്ഷികളുടെയും നേതാക്കൾ ഗവർണർ അജയ് കുമാർ ഭല്ലയെ അറിയിച്ചതായാണു സൂചന.
എന്നാൽ തീരുമാനം എന്താണെന്ന് രാജ്ഭവനോ ബിജെപി നേതാക്കളോ വ്യക്തമാക്കിയില്ല. മണിപ്പുരിൽ പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തിൽ സമവായമില്ലെന്നും രാഷ്ട്രപതിഭരണത്തിലേക്ക് നീങ്ങുകയാണെന്നും ദീപിക നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
ഗവർണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തി വിജ്ഞാപനമിറക്കേണ്ടത്. നിയമസഭ പിരിച്ചുവിടാതെ സസ്പെൻഡ് ചെയ്തു നിർത്തിക്കൊണ്ട് തത്കാലം രാഷ്ട്രപതിഭരണം ഏർപ്പെടുത്തുകയേ വഴിയുള്ളൂ. ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാൻ മറ്റു വഴികളൊന്നും ഇല്ലെന്നാണു നിയമോപദേശം.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ എന്നിവരുമായി സംബിത് പത്ര പലതവണ ടെലിഫോണിൽ ചർച്ച നടത്തി. മണിപ്പുരിലെ പ്രതിസന്ധിയെത്തുടർന്ന് മൂന്നു ദിവസമായി സംബിത് പത്ര ഇംഫാലിൽ തങ്ങുകയാണ്.
സ്പീക്കർ ടി. സത്യബ്രത സിംഗ്, വിദ്യാഭ്യാസമന്ത്രിയും നാലാം തവണ എംഎൽഎയുമായ ബസന്ത കുമാർ സിംഗ്, നഗരവികസന മന്ത്രി വൈ. ഖേംചന്ദ് സിംഗ്, ഊർജ- വനം മന്ത്രി ബിശ്വജിത് സിംഗ്, മുൻ മന്ത്രിയും മുഖ്യമന്ത്രിയുടെ ഉപദേശകനുമായിരുന്ന രാധേശ്യാം സിംഗ് എംഎൽഎ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു ബിജെപി നേതൃത്വം പരിഗണിച്ചത്.
ഇവരിലാർക്കും എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ലെന്നതാണു കേന്ദ്രനേതൃത്വത്തെ വിഷമത്തിലാക്കിയത്.