യുജിസി ഭേദഗതി: ചരിത്രവും സംസ്കാരവും ഭാഷയും ഇല്ലാതാക്കാനുള്ള ആർഎസ്എസ് നീക്കമെന്ന് രാഹുൽ
Friday, February 7, 2025 4:26 AM IST
ന്യൂഡൽഹി: യുജിസി കരടുഭേദഗതി ചരിത്രവും സംസ്കാരവും ഭാഷയും ഇല്ലാതാക്കാനുള്ള ആർഎസ്എസ് ശ്രമത്തിന്റെ ഭാഗമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
യുജിസി കരടുഭേദഗതിയിൽ സർവകലാശാലകളിലും കോളജുകളിലും അധ്യാപകരെ നിയമിക്കുന്നതിൽ നിർദേശിച്ചിട്ടുള്ള വ്യവസ്ഥകൾ ‘ഒരു ചരിത്രം, ഒരു സംസ്കാരം, ഒരു ഭാഷ’ എന്ന അജണ്ട അടിച്ചേൽപ്പിക്കുന്നതിനാണെന്നും രാഹുൽ പറഞ്ഞു.
ന്യൂഡൽഹി ജന്തർ മന്ദറിൽ ഡിഎംകെയുടെ വിദ്യാർഥി സംഘടന യുജിസി ഭേദഗതിക്കെതിരേ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഹുൽ. പ്രതിഷേധത്തിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഡിഎംകെ എംപി കനിമൊഴിയും പങ്കെടുത്തു.
ആർഎസ്എസിന്റെ ലക്ഷ്യം എല്ലാ ചരിത്രത്തെയും ഉന്മൂലനം ചെയ്യലാണ്. വിവിധ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ സംവിധാനം മാറ്റുന്നതിലൂടെ അവരുടെ അജണ്ട നടപ്പിലാക്കാനാണ് ആർഎസ്എസിന്റെ ശ്രമം. എന്നാൽ ഞങ്ങൾ ഒരിക്കലും കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസനയത്തെ പിന്തുണയ്ക്കില്ലെന്നും അഖിലേഷ് പ്രതിഷേധ പരിപാടിയിൽ പറഞ്ഞു.
വൈസ് ചാൻസലറുടെ നിയമന അധികാരത്തിൽ മാറ്റം വരുത്തുന്നതുൾപ്പെടെ നിർദേശിക്കുന്ന യുജിസി കരട് ഭേദഗതിക്കെതിരേ കഴിഞ്ഞ ദിവസം കേരളമടക്കമുള്ള ആറു സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിമാരും അവരുടെ പ്രതിനിധികളും പ്രമേയം പാസാക്കിയിരുന്നു.
കേരളത്തിനു പുറമേ കർണാടക, തമിഴ്നാട്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളാണ് യുജിസി കരട്ഭേദഗതിക്കെതിരേ എതിർപ്പ് ഉന്നയിച്ചിരിക്കുന്നത്.