ക്ലാറ്റ്- 2025: ഹർജികൾ ഡൽഹി ഹൈക്കോടതിയിലേക്കു മാറ്റാൻ നിർദേശം
Friday, February 7, 2025 4:26 AM IST
ന്യൂഡൽഹി: നിയമബിരുദ പ്രവേശന പരീക്ഷയായ കോമണ്‍ ലോ അഡ്മിഷൻ ടെസ്റ്റ്- 2025 (ക്ലാറ്റ്- യുജി) ന്റെ റിസൾട്ടുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള എല്ലാ കേസുകളും ഡൽഹി ഹൈക്കോടതിയിലേക്കു മാറ്റാൻ സുപ്രീംകോടതി നിർദേശം.
മാർച്ച് മൂന്നിന് ഡൽഹി ഹൈക്കോടതിയിൽ കേസ് ലിസ്റ്റ് ചെയ്യണമെന്നും ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, ജസ്റ്റീസുമാരായ പി.വി. സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സുപ്രീംകോടതിയുടെ ഉത്തരവ് ലഭിച്ച് ഏഴു ദിവസത്തിനുള്ളിൽ ഓരോ ഹൈക്കോടതിയുടെയും രജിസ്ട്രാർ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡൽഹി ഹൈക്കോടതിക്കു കൈമാറണമെന്നും ബെഞ്ച് നിർദേശിച്ചു.
ഒരേ വിഷയത്തിൽ പരസ്പരവിരുദ്ധമായ വിധിന്യായങ്ങൾ ഒഴിവാക്കാൻ ദേശീയ നിയമ സർവകലാശാല (എൻഎൽയു) സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസുകൾ ഒരു ഹൈക്കോടതിയിലേക്കു മാറ്റാൻ ബെഞ്ച് നിർദേശിച്ചത്.
കേസുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഡൽഹി, കർണാടക, ജാർഖണ്ഡ്, രാജസ്ഥാൻ, ബോംബെ, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിൽ പരിഗണനയിലാണ്. പരീക്ഷ ചോദ്യപേപ്പറിലെ ചില പിശകുകൾ ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ കോടതികളെ സമീപിച്ചത്.
നേരത്തേ ഡൽഹി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് പരീക്ഷാഫലം പുനഃപരിശോധിക്കാൻ നിർദേശിച്ചിരുന്നു. സമാന നിലപാടു തന്നെയായിരുന്നു ഡിവിഷൻ ബെഞ്ചിനും.
തുടർന്നാണ് എൻഎൽയു കണ്‍സോർഷ്യം സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ഡിസംബറിലായിരുന്നു ക്ലാറ്റ്- 2025 പരീക്ഷ നടന്നത്.