ചന്ദ്രയാൻ-4 2027ൽ വിക്ഷേപിക്കും: കേന്ദ്രമന്ത്രി
Friday, February 7, 2025 4:26 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ-4ന്റെ വിക്ഷേപണം 2027ൽ നടക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പുമന്ത്രി ജിതേന്ദ്ര സിംഗ്.
പദ്ധതിയുടെ പ്രധാന ദൗത്യം ചന്ദ്രന്റെ ഉപരിതലത്തിൽനിന്നു പാറകളുടെ സാന്പിളുകൾ ഭൂമിയിലെത്തിക്കുക എന്നതായിരിക്കുമെന്നു കേന്ദ്രമന്ത്രി പറഞ്ഞു. ഹെവിലിഫ്റ്റ് എൽഎംവി-3 റോക്കറ്റിന്റെ രണ്ടു വ്യത്യസ്ത വിക്ഷേപണങ്ങളുൾപ്പെടുന്ന ചന്ദ്രയാൻ-4 ദൗത്യം ഭ്രമണപഥത്തിലാണ് കൂട്ടിച്ചേർക്കുകയെന്നു മന്ത്രി വ്യക്തമാക്കി.
ഇന്ത്യൻ ബഹിരാകാശ യാത്രികരെ പ്രത്യേകമായി രൂപകൽപ്പന ചെയ്ത പേടകത്തിൽ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചു തിരികെ സുരക്ഷിതമായെത്തിക്കുന്ന ഗഗൻയാൻ പദ്ധതി അടുത്ത വർഷം വിക്ഷേപിക്കുമെന്നും ജിതേന്ദ്ര സിംഗ് അറിയിച്ചു.
ഇതിനോടൊപ്പം സുമുദ്രത്തിന്റെ അടിത്തട്ടു പര്യവേക്ഷണം ചെയ്യുന്നതിനായി മൂന്നു ശാസ്ത്രജ്ഞരെ സമുദ്രത്തിന്റെ 6000 മീറ്റർ ആഴത്തിലേക്ക് കൊണ്ടുപോകുന്ന സമുദ്രയാൻ പദ്ധതിയും അടുത്ത വർഷം നടപ്പിലാക്കും.
സമുദ്രയാൻ പദ്ധതിയിലൂടെ നിർണായക ധാതുക്കളെയും അപൂർവലോഹങ്ങളെയും സമുദ്ര ജൈവവൈവിധ്യത്തെയുംക്കുറിച്ചു കൂടുതൽ ആഴത്തിൽ പഠിക്കാൻ കഴിയുമെന്ന് കരുതുന്നു.
റോബോട്ടിനെ ഉപയോഗിച്ചുള്ള ഗഗൻയാന്റെ ആളില്ലാദൗത്യമായ വ്യോമമിത്ര ഈ വർഷംതന്നെ വിക്ഷേപിക്കുമെന്നും മന്ത്രി പറഞ്ഞു.