യുഎസ് നടപടിയെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി ജയശങ്കർ
Friday, February 7, 2025 4:47 AM IST
സനു സിറിയക്
ന്യൂഡൽഹി: അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ കൈയിലും കാലിലും വിലങ്ങുകൾ അണിയിച്ച് സൈനികവിമാനത്തിൽ തിരിച്ചയച്ചത് ന്യായീകരിച്ച് കേന്ദ്രസർക്കാർ.
2012 മുതൽ സ്വീകരിക്കുന്ന സാധാരണ നടപടിയാണ് അമേരിക്ക സ്വീകരിച്ചത്. അന്നുമുതൽ നാടു കടത്തുന്നവരെ വിലങ്ങ് അണിയിക്കാറുണ്ടെന്നും വിദേശകാര്യമന്ത്രി ജയശങ്കർ പാർലമെന്റിന്റെ ഇരുസഭകളിലും വ്യക്തമാക്കി.
ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം ഉയർത്തിയതിനെത്തുടർന്നായിരുന്നു പ്രതികരണം. നാടുകടത്തപ്പെട്ടവർക്ക് വിമാനയാത്രക്കിടെ മാന്യമായ പെരുമാറ്റം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ അമേരിക്കയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നതായും ജയശങ്കർ കൂട്ടിച്ചേർത്തു.
അമേരിക്കയിൽ നാടുകടത്തലുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) അഥോറിറ്റിയാണ്. 2012 മുതൽ നാടുകടത്തലിനായി ഐസിഇ ഉപയോഗിക്കുന്ന വിമാനങ്ങളിൽ നിയന്ത്രണങ്ങളുമുണ്ട്.
അത് സൈനികവിമാനങ്ങളാണെങ്കിലും യാത്രാവിമാനങ്ങളാണെങ്കിലും ഒരേ നടപടിക്രമമാണെന്ന് ജയശങ്കർ സഭയിൽ വ്യക്തമാക്കി. ഇത്തരത്തിൽ നാടുകടത്തുന്നവർക്ക് ആവശ്യമായ ഭക്ഷണം, സാധ്യമായ അടിയന്തര മെഡിക്കൽ സഹായം തുടങ്ങിയവ യാത്രയിൽ നൽകാറുണ്ട്. ടോയ്ലറ്റ് ആവശ്യങ്ങൾക്കായി വിലങ്ങ് അഴിച്ചു നല്കാറുണ്ടെന്നും ജയശങ്കർ വ്യക്തമാക്കി.
ഇന്ത്യയിലേക്കയച്ച സ്ത്രീകളെയും കുട്ടികളെയും ഈ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയതായി ഐസിഇ കേന്ദ്രസർക്കാരിനെ അറിയിച്ചതായും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.
എന്നാൽ ഈ വിശദീകരണത്തിന് നേർവിപരീതമാണ് പഞ്ചാബിൽ നിന്നുള്ള ലവ്പ്രീത് കൗർ എന്ന സ്ത്രീ പറഞ്ഞത്. സ്ത്രീ ആയിരുന്നിട്ടും തന്റെ കൈയും കാലും ബന്ധിച്ചതായി ലവ്പ്രീത് മാധ്യമങ്ങളോടു പ്രതികരിച്ചു.
കുട്ടികളെ മാത്രമാണ് വെറുതെ വിട്ടത്. നിരവധി തവണ ആവശ്യപ്പെട്ട ശേഷമാണ് മൂത്രമൊഴിക്കാൻ പോലും അനുമതി നൽകിയതെന്ന് സൈനിക വിമാനത്തിലുണ്ടായിരുന്ന പലരും പ്രതികരിച്ചു.