ഇന്ത്യക്കാരെ കൂച്ചുവിലങ്ങിട്ട് നാടുകടത്തിയ അമേരിക്കൻ നടപടിയിൽ പ്രതിഷേധമിരന്പി
Friday, February 7, 2025 4:47 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: അമേരിക്കയിൽനിന്ന് സൈനികവിമാനത്തിൽ 104 ഇന്ത്യക്കാരെ മനുഷ്യത്വരഹിതമായി നാടുകടത്തിയ രീതിക്കെതിരേ പാർലമെന്റിലും പുറത്തും വൻ പ്രതിഷേധം.
ഇന്ത്യക്കാരുടെ കൈകാലുകളിൽ വിലങ്ങിട്ട അമേരിക്കൻ നടപടിയെ അപലപിക്കാനോ വിമർശിക്കാനോ തയാറാകാതെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ നടത്തിയ പ്രസ്താവനയും വിവാദമായി. രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കു മറുപടി പറയവേ പ്രധാനമന്ത്രി നരേന്ദ്ര മോദിഇന്ത്യൻ പൗരന്മാരെ അപമാനിച്ചതിനെതിരേ മൗനം പാലിക്കുകയും ചെയ്തു.
ലോക്സഭയും രാജ്യസഭയും ഇന്നലെ രാവിലെ സമ്മേളിച്ചയുടൻ അമേരിക്കൻ നടപടിക്കെതിരേ വിശദീകരണം ആവശ്യപ്പെട്ട് സംയുക്ത പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചു. ബഹളത്തെ ത്തുടർന്ന് ഇരുസഭകളിലും രാവിലെ നടപടികൾ പാടേ സ്തംഭിച്ചു. ഈ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് കെ.സി. വേണുഗോപാലും ഗൗരവ് ഗൊഗോയിയും ഇന്ത്യ സഖ്യത്തിലെ മറ്റ് എംപിമാരും നോട്ടീസ് നൽകിയ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.
വിശദീകരണത്തിനായി വിദേശകാര്യമന്ത്രി ഉച്ചകഴിഞ്ഞ് 3.30 ന് എത്തുംവരെ ലോക്സഭാ നടപടികൾ പൂർണമായി തടസപ്പെട്ടു. മന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും അംഗീകരിക്കാനാകില്ലെന്നും പറഞ്ഞ് പ്രതിപക്ഷം ബഹളം വയ്ക്കുന്നതിനിടെ, ജയശങ്കർ പ്രസ്താവന പൂർത്തിയാക്കി. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനുമുന്പ് പ്രതിപക്ഷ എംപിമാർ പ്രധാന കവാടത്തിനു മുന്നിൽ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു.
പ്രശ്നം ഗൗരവമുള്ളതാണെങ്കിലും വിദേശനയത്തിന്റെ കാര്യമാണെന്നു പറഞ്ഞ ലോക്സഭാ സ്പീക്കർ ഓം ബിർല പക്ഷേ, അടിയന്തര പ്രമേയത്തിനോ പ്രശ്നം ഉന്നയിക്കുന്നതിനോ അനുമതി നൽകിയില്ല. ഇതേത്തുടർന്നു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭ പിരിഞ്ഞു.
രാജ്യസഭയിലും പ്രശ്നം ചർച്ച ചെയ്യാൻ ചെയർമാൻ ജഗദീപ് ധൻകർ അനുവദിച്ചില്ല. പ്രതിപക്ഷം പ്രതിഷേധിച്ചതോടെ രാജ്യസഭയും നിർത്തിവച്ചു. ഉച്ചയ്ക്ക് 12ന് വീണ്ടും ചേർന്നപ്പോഴും ലോക്സഭയിൽ സ്ഥിതി വ്യത്യസ്തമായില്ല. ഇരുസഭകളിലെയും പ്രതിഷേധത്തിനു കേരള എംപിമാർ നേതൃത്വം നൽകി.
ഇന്ത്യയെയും ഇന്ത്യൻ പൗരരെയും അപമാനിച്ചത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പറഞ്ഞു.
അമേരിക്കയ്ക്കു മുന്നിൽ കേന്ദ്രസർക്കാർ കീഴങ്ങിയെന്നു പ്രതിപക്ഷം ആരോപിച്ചു. ഡോണൾഡ് ട്രംപുമായി ചർച്ച നടത്താൻ പ്രധാനമന്ത്രി അമേരിക്കയിലേക്കു പോകുന്നതിനു ദിവസങ്ങൾ ശേഷിക്കേയാണ് ഇന്ത്യയെ അപമാനിച്ചത്.
വലിയ സാന്പത്തികശക്തിയാണെന്നും അമേരിക്കയുടെ സുഹൃത്താണെ ന്നും പറയുന്ന ഇന്ത്യക്ക് ഇതിനെ ചെറുക്കാനായില്ല. അമേരിക്കൻ നടപടിയെ അപലപിക്കാൻ പോലും സർക്കാർ ഭയക്കുകയാണ്.