കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി
Friday, February 7, 2025 4:26 AM IST
ന്യൂഡൽഹി: ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം നടത്തിയ പ്രസംഗം ആം ആദ്മി പാർട്ടിയെ ഉന്നംവച്ചുള്ളതാണെങ്കിൽ, സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കോണ്‍ഗ്രസിനെതിരേയുള്ള കടന്നാക്രമണമായിരുന്നു രാജ്യസഭയിലെ പ്രസംഗം.
അംബേദ്കറിന്റെ പേരുപയോഗിച്ചു കഴിഞ്ഞ സമ്മേളനത്തിൽ നിർത്തിയിടത്തുനിന്നു തന്നെയാണ് മോദി കോണ്‍ഗ്രസിനെതിരേ വിമർശനം തുടർന്നത്. അംബേദ്കറിനോടുള്ള കോണ്‍ഗ്രസിന്റെ അനിഷ്ടത്തിനു രേഖകളുടെ പിൻബലമുണ്ടെന്നു മോദി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ അംബേദ്കറിന്റെ പരാജയം ഉറപ്പുവരുത്താൻ കോണ്‍ഗ്രസ് ശ്രമിച്ചു. അംബേദ്കറിനെ അംഗീകരിക്കാൻ കഴിയാത്തതിനാൽ അദ്ദേഹത്തിനു ഭാരതരത്ന നൽകുന്നതിൽനിന്നുവരെ കോണ്‍ഗ്രസ് തഴഞ്ഞുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ബിജെപിക്ക് രാജ്യമാദ്യം എന്ന നയമാണെന്നും എന്നാൽ കോണ്‍ഗ്രസിന് കുടുംബമാദ്യം എന്ന നയമാണെന്നും മോദി വിമർശിച്ചു. സബ് കാ സാത്ത് സബ് കാ വികാസ് (എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം) എന്നതാണ് ബിജെപിയുടെ നയം. പക്ഷേ കോണ്‍ഗ്രസിൽനിന്ന് അങ്ങനെയൊന്നു സങ്കൽപ്പിക്കാൻ പോലും കഴിയില്ല.
അഭിപ്രായസ്വാതന്ത്ര്യത്തിനു തടയിടാൻ തെരഞ്ഞെടുപ്പിനു പോലും കാത്തുനിൽക്കാതെ നെഹ്റു ഭരണഘടന ഭേദഗതി ചെയ്തുവെന്ന് മോദി പറഞ്ഞു. മറ്റുള്ളവർ അവഗണിക്കുന്നവരെയാണ് താൻ ആരാധിക്കുന്നതെന്നും പുതിയ പാർലമെന്റ് മന്ദിരത്തിൽ താൻ ആദ്യം എടുത്ത തീരുമാനം സ്ത്രീശക്തീകരണത്തെ ആദരിക്കുക എന്നതായിരുന്നുവെന്നും മോദി പറഞ്ഞു.