വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ലെന്നു മന്ത്രി
Friday, February 7, 2025 4:47 AM IST
ന്യൂഡൽഹി: കർഷകർക്ക് നിരന്തരം വെല്ലുവിളി ഉയർത്തുന്ന കാട്ടുപന്നികൾക്കും നാടൻ കുരങ്ങുകൾക്കും നൽകുന്ന സംരക്ഷണം മാറ്റമില്ലാതെ തുടരുമെന്ന് കേന്ദ്രസർക്കാർ.
വന്യജീവി സംരക്ഷണ നിയമത്തിൽ മാറ്റം വരുത്തില്ലെന്നും കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് രാജ്യസഭയിൽ വ്യക്തമാക്കി.
1972ലെ വന്യജീവി സംരക്ഷണ നിയമം 2022ൽ ഭേദഗതി വരുത്തിയതാണ്. നിയമപ്രകാരം നാടൻ കുരങ്ങിനെ ഷെഡ്യൂൾ ഒന്നിൽ നിലനിർത്തി സംരക്ഷണം നൽകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കേരളം നിരവധി കാലമായി ആവശ്യപ്പെടുന്നതുപോലെ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി (വെർമിൻ) പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കാട്ടുപന്നികൾ മനുഷ്യജീവനോ സ്വത്തിനോ ഭീഷണിയാകുന്നെങ്കിൽ 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം അവയെ കൊല്ലാൻ സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനോ അംഗീകൃത ഉദ്യോഗസ്ഥനോ അധികാരം നൽകുന്നുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. എ.എ. റഹീമിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
വിളകൾക്ക് നാശം സംഭവിക്കുകയും മനുഷ്യർ മരിച്ചുവീഴുകയും ചെയ്യുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഈ സമീപനം ജനങ്ങളുടെ ജീവനോടുള്ള വെല്ലുവിളിയാണെന്നും കേരളം മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും മരണനിരക്ക് കൂടുന്ന സാഹചര്യത്തിൽ വന്യജീവി നിയന്ത്രണം ആവശ്യമാണെന്നും റഹിം ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ നിലപാട് തിരുത്തണമെന്നും വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.