“ഗവർണർ സ്വന്തം നടപടിക്രമം വികസിപ്പിച്ചെടുത്തതായി തോന്നുന്നു”; തമിഴ്നാട് ഗവർണർക്കെതിരേ സുപ്രീംകോടതി
Friday, February 7, 2025 4:26 AM IST
ന്യൂഡൽഹി: തമിഴ്നാട് ഗവർണർ ആർ.എൻ. രവിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. തമിഴ്നാട് നിയമസഭ പാസാക്കിയ 12 ബില്ലുകൾക്ക് കാലതാമസം വരുത്തിയ വിഷയത്തിലാണ് വിമർശനം. ഗവർണർ സ്വന്തം നടപടിക്രമം വികസിപ്പിച്ചെടുത്തതായി തോന്നുന്നുവെന്ന് സുപ്രീംകോടതി പറഞ്ഞു.
സമാന വിഷയത്തിൽ പഞ്ചാബ് സർക്കാരും അവിടുത്തെ ഗവർണറായിരുന്ന ബൻവാരിലാൽ പുരോഹിതും തമ്മിലുള്ള കേസിൽ സുപ്രീംകോടതിയുടെ മുൻ വിധികൾ നിലനിൽക്കേയാണ് ആർ.എൻ. രവിയുടെ നടപടിയെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാർ പാസാക്കുന്ന ബില്ലുകളിൽ ഗവർണമാർ കാലതാമസമില്ലാതെ തീരുമാനമെടുക്കണമെന്നായിരുന്നു 2023 നവംബറിലെ സുപ്രീംകോടതി വിധി. തമിഴ്നാട് ഗവർണർ ബില്ലുകളില്‍ കാലതാമസം വരുത്തിയത് എന്തുകൊണ്ടാണ് എന്നതിനു വസ്തുതാപരമായ വിശദീകരണം ലഭിക്കണമെന്നും കോടതി വിശദമാക്കി.
ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ചതോടെ ഭരണഘടനയുടെ 200ാം അനുച്ഛേദത്തിന്റെ വ്യവസ്ഥ തമിഴ്നാട് ഗവർണർ അസാധുവാക്കിയതായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.