അംബേദ്കറെ അമിത് ഷാ അവഹേളിച്ചെന്ന് ആരോപണം; മാപ്പു പറയണമെന്ന് കോൺഗ്രസ്
Thursday, December 19, 2024 2:23 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഭരണഘടനാ ശില്പി ഭാരതരത്ന ഡോ. ബി.ആർ. അംബേദ്കറെ ആഭ്യന്തര മന്ത്രി അമിത് ഷാ അവഹേളിച്ചെന്ന ആരോപണം കോളിളക്കമായി.
അമിത് ഷാ മാപ്പു പറയുകയും മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടു നടത്തിയ പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ഇന്നലെ സ്തംഭിച്ചു. ആരോപണത്തെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിശദീകരണവുമായി അമിത് ഷായും നേരിട്ട് രംഗത്തിറങ്ങി.
ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പ്രത്യേക പത്രസമ്മേളനം നടത്തിയതിനു തൊട്ടുപിന്നാലെയാണ് വിശദീകരണവുമായി അമിത് ഷായും പത്രസമ്മേളനം നടത്തിയത്.
ഇരുവരുടെയും പത്രസമ്മേളനത്തിനു മുന്‍പായി ഷായെ ന്യായീകരിച്ച് വിശദീകരണങ്ങളുടെ പരന്പരയുമായി പ്രധാനമന്ത്രി മോദി എക്സിൽ രംഗത്തെത്തി. ഷായുടെ വിവാദ അംബേദ്കർ പരാമർശത്തിനെതിരേ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എക്സിൽ പ്രതികരിച്ചു.
ഡോ. അംബേദ്കറെ അവഹേളിക്കുകയും പട്ടികജാതി വർഗ വിഭാഗങ്ങളെ അവഗണിക്കുകയും ചെയ്ത കോണ്‍ഗ്രസിന്റെ ഇരുണ്ട ചരിത്രം ഷാ തുറന്നുകാട്ടിയെന്ന് മോദി ആരോപിച്ചു. “ഡോ. ബാബാസാഹെബ് അംബേദ്കറുടെ ദർശനം പൂർത്തീകരിക്കാൻ തങ്ങളുടെ സർക്കാർ കഴിഞ്ഞ ദശകത്തിൽ അക്ഷീണം പ്രയത്നിച്ചു.
നമ്മൾ എന്താണോ അത് അംബേദ്കർ മൂലമാണ്. അമിത് ഷാ അവതരിപ്പിച്ച വസ്തുതകൾ അവരെ ഞെട്ടിക്കുന്നു. അതിനാലാണവർ ഇപ്പോൾ നാടകീയതയിൽ മുഴുകുന്നത്! സങ്കടകരമെന്നു പറയട്ടെ, അവരെക്കുറിച്ച് ആളുകൾക്ക് സത്യം അറിയാം’’- മോദി എഴുതി.
ദളിതരോടു വിരോധമുള്ള കോണ്‍ഗ്രസുകാർ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ച് വ്യാജപ്രചാരണമാണു നടത്തുന്നതെന്ന് ബിജെപി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ അമിത് ഷാ ആരോപിച്ചു.
അംബേദ്കറുടെ ഫോട്ടോകളുമായി ഇന്നലെ രാവിലെ നടത്തിയ പ്രതിഷേധ ധർണയിൽ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള ‘ഇന്ത്യ’ മുന്നണിയിലെ പ്രമുഖ നേതാക്കളും ഇരുനൂറോളം എംപിമാരും പങ്കെടുത്തു. തുടർന്ന് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് ഇരുസഭകളും ചർച്ചകളിലേക്കു കടക്കാതെ ഇന്നു ചേരാനായി പിരിയേണ്ടിവന്നു. അമിത് ഷാ മാപ്പു പറയുക (അമിത് ഷാ മാഫി മാംഗോ), സംഘപരിവാറിന്റെ ഭരണം നടക്കില്ല (സംഘ് കാ വിധാൻ നഹി ചലേഗാ), ജയ് ഭീം തുടങ്ങിയ മുദ്രാവാക്യങ്ങളോടെയായിരുന്നു എംപിമാരുടെ പ്രതിഷേധം.
ഇന്ത്യൻ ഭരണഘടനയ്ക്കു പകരം മനുസ്മൃതി നടപ്പാക്കാൻ സംഘപരിവാറിന്റെ ആളുകൾ ആഗ്രഹിച്ചിരുന്നുവെന്നതിന്റെ തെളിവാണ് അംബേദ്കറെ അപമാനിച്ച ഷായുടെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ ഖാർഗെ ആരോപിച്ചു.
ബിജെപിയും ആർഎസ്എസും ത്രിവർണ പതാകയ്ക്കെതിരാണ്. അവരുടെ പൂർവികർ അശോകചക്രത്തെ എതിർത്തെന്നും എഐസിസി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ ഖാർഗെ പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ ശില്പിയും ദേശീയ പ്രതീകവുമായ അംബേദ്കറെ അവഹേളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഷായുടെ വിവാദ പരാമർശം
“ബി.ആർ. അംബേദ്കറുടെ പേര് പറയുന്നത് ഇപ്പോഴൊരു ഫാഷനായി മാറിയിരിക്കുകയാണ്. അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ ... ഇത്രയും തവണ ദൈവനാമം ഉരുവിട്ടിരുന്നുവെങ്കിൽ അവർക്കു സ്വർഗത്തിൽ സ്ഥാനം ലഭിക്കുമായിരുന്നു.”