ഉപധനാഭ്യർഥന പാസാക്കി ലോക്സഭ
Wednesday, December 18, 2024 1:22 AM IST
ന്യൂഡൽഹി: സാന്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിൽ ജിഡിപിയിലുണ്ടായ കുറവ് പ്രതീക്ഷിച്ചതിലും താഴെയാണെങ്കിലും വരുംമാസങ്ങളിൽ രാജ്യത്തെ സന്പദ്വ്യവസ്ഥ ആരോഗ്യകരമായ വളർച്ച കൈവരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
സാന്പത്തികവർഷത്തിന്റെ രണ്ടാം പാദം ലോകത്തെ മിക്ക സന്പദ്വ്യവസ്ഥകൾക്കും വെല്ലുവിളി നിറഞ്ഞതാണെന്നും ഈ കാലഘട്ടത്തിൽ രാജ്യത്തിനു വെല്ലുവിളികൾ നേരിടേണ്ടിവന്നുവെന്നും ഉപധനാഭ്യർഥന ചർച്ചയിൽ മറുപടി പറയവേ മന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ രാജ്യത്തെ ജിഡിപി വളർച്ച ശരാശരി 8.3 ശതമാനമാണ്. ആഗോള നിലവാരമനുസരിച്ച് ഇതു ഭേദപ്പെട്ട നിലയിലാണ്. 2024- 25 സാന്പത്തികവർഷത്തിൽ ആദ്യപാദ ജിഡിപി നിരക്ക് 6.7 ശതമാനമായിരുന്നത് രണ്ടാം പാദമായപ്പോൾ 5 .4 ശതമാനമായി കുറഞ്ഞിരുന്നു.
ഉത്പാദനമേഖലയിൽ വിശാലാടിസ്ഥാനത്തിൽ മാന്ദ്യമില്ല. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇക്കുറി ഉപധനാഭ്യർഥനയിലെ തുകയിൽ കുറവുണ്ടായിട്ടുണ്ട്.
ഇതു ബജറ്റ് നിർമാണത്തിൽ കൂടുതൽ കൃത്യത ഉണ്ടാക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു. ചർച്ചയെത്തുടർന്ന് 44,123 കോടിയുടെ അറ്റ ചെലവ് ഉൾപ്പെടുന്ന സർക്കാരിന്റെ 87,762 കോടിയുടെ ഉപധനാഭ്യർഥന ലോക്സഭ പാസാക്കി.