ഓക്സിജൻ പൈപ്പ് കള്ളൻ കൊണ്ടുപോയി; പ്രാണവായു കിട്ടാതെ പിടഞ്ഞ് നവജാത ശിശുക്കൾ
Thursday, December 19, 2024 2:23 AM IST
രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പൈപ്പ് മോഷണംപോയതോടെ നവജാത ശിശുക്കൾക്ക് ശ്വാസതടസം നേരിട്ടു.
12 കുഞ്ഞുങ്ങൾക്കാണ് ശ്വാസതടസമുണ്ടായത്. ഓക്സിജൻ വിതരണം ചെയ്യുന്ന 15 അടിയോളം നീളമുള്ള ചെമ്പ് പൈപ്പാണു കള്ളൻകൊണ്ടുപോയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
ഇതോടെ ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേക്കുള്ള (എൻഐസിയു) ഓക്സിജൻ വിതരണം തടസപ്പെട്ടു. ശ്വാസതടസമുണ്ടായതോടെ എൻഐസിയുവിൽ കുഞ്ഞുങ്ങളുടെ കൂട്ടക്കരച്ചിലുയർന്നു.
ഉടൻതന്നെ ഉണർന്നുപ്രവർത്തിച്ച ആശുപത്രി അധികൃതർ വലിയ ഓക്സിജൻ സിലിണ്ടർ സ്ഥാപിച്ച് ദുരന്തം ഒഴിവാക്കി. ഓക്സിജൻ വിതരണം അതിവേഗം പുനഃസ്ഥാപിച്ചതായി രാജ്ഗഡ് ജില്ലാ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) ഡോ. കിരൺ വാഡിയ പറഞ്ഞു.