ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഭരണഘടനാവിരുദ്ധമെന്ന് പ്രതിപക്ഷം
Wednesday, December 18, 2024 1:22 AM IST
ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. ബിൽ ഭരണഘടനാവിരുദ്ധമാണെന്നും രാജ്യത്തിന്റെ ഫെഡറൽ മൂല്യങ്ങൾ തകർക്കുന്നതാണെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. തെരഞ്ഞെടുപ്പുകൾ ഏകീകരിക്കുന്ന ഭരണപക്ഷത്തിന്റെ നീക്കം ജനാധിപത്യത്തെ കൊല്ലാനും സ്വേച്ഛാധിപത്യം കൊണ്ടുവരാനുമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഭേദഗതി ചെയ്യാനുള്ള സഭയുടെ അധികാരത്തിനുമപ്പുറമാണ് ഭരണഘടനയുടെ ചില സവിഷേതകളെന്ന് കോണ്ഗ്രസ് എംപി മനീഷ് തിവാരി ലോക്സഭയിൽ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ പ്രധാനപ്പെട്ട സവിശേഷതകൾ ഫെഡറലിസവും ജനാധിപത്യ ഘടനയുമാണെന്നും അതിനെ കടന്നാക്രമിക്കുന്ന ബില്ലുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനാധിപത്യമൂല്യങ്ങളേക്കാൾ മുകളിൽ ചെലവ് കുറയ്ക്കലിനു ബിജെപി സർക്കാർ പ്രാധാന്യം നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടി രൂക്ഷ വിമർശനമാണ് ലോക്സഭാ പ്രതിപക്ഷ ഉപനേതാവ് ഗൗരവ് ഗൊഗോയ് നടത്തിയത്. അധികാരത്തിന്റെ വിഭജനം ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്നും എന്നാൽ പുതിയ ബില്ലുകൾ സംസ്ഥാനങ്ങളെ നിയന്ത്രിക്കാൻ രാഷ്ട്രപതിക്ക് കൂടുതൽ അധികാരം നൽകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടനാ ഭേദഗതിക്കുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷം ബിജെപിക്കു സഭയിലില്ലെന്നു വ്യക്തമായെന്ന് ശശി തരൂർ എംപി പറഞ്ഞു. ജനങ്ങൾ തെരഞ്ഞെടുത്ത ഒരു സർക്കാരിന്റെ കാലാവധി തെരഞ്ഞെടുപ്പുകൾ ഏകീകരിക്കുന്നതിനായി വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കാതലായ മാറ്റങ്ങൾ വരുത്തുന്ന നിയമനിർമാണം സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചർച്ച നടത്താതെ ബിൽ അവതരിപ്പിച്ചതിനോട് എൻ.കെ. പ്രേമചന്ദ്രൻ എംപി ശക്തമായ എതിർപ്പറിയിച്ചു. ബിൽ നിയമമായാൽ കേന്ദ്രത്തിനു വിധേയമായി പ്രവർത്തിക്കുന്ന സംവിധാനങ്ങളായി സംസ്ഥാനങ്ങൾ മാറുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഇന്ത്യ’ സഖ്യത്തിലെ പ്രധാന പാർട്ടികളായ തൃണമൂലും ഡിഎംകെയും ബില്ലിനെ എതിർത്ത് ലോക്സഭയിൽ സംസാരിച്ചു. സംസ്ഥാന സർക്കാരുകൾ കേന്ദ്രസർക്കാരിനു വിധേയമല്ലെന്നും പുതിയ ബിൽ സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരത്തെ കവർന്നെടുക്കുമെന്നും തൃണമൂൽ എംപി കല്യാണ് ബാനർജി പറഞ്ഞു.
ബിൽ തെരഞ്ഞെടുപ്പ് പരിഷ്കരണമല്ലെന്നും ഒരു വ്യക്തിയുടെ ആഗ്രഹം പൂർത്തീകരിക്കുവാനുള്ള നീക്കമാണെന്നും പ്രധാനമന്ത്രിയെ ഉന്നമിട്ട് കല്യാണ് ബാനർജി പറഞ്ഞു. ഡിഎംകെ, സമാജ്വാദി പാർട്ടി, ശിവസേന (ഉദ്ധവ്), എൻസിപി (ശരത് പവാർ), ആർജെഡി, ആം ആദ്മി പാർട്ടികളും ബില്ലിനെതിരേ രംഗത്തുവന്നു. ഫെഡറൽ ആദർശങ്ങൾ ഇല്ലാതാക്കുന്നുവെന്നാരോപിച്ച് ഇടത് എംപിമാരും ബില്ലിനെതിരേ ശക്തമായ എതിർപ്പറിയിച്ചു.