സിബിസിഐ ക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും
Thursday, December 19, 2024 2:23 AM IST
ന്യൂഡൽഹി: ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) 23ന് സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയിൽ നടക്കുന്ന ആഘോഷത്തിൽ ഇന്ത്യയിൽനിന്നുള്ള കർദിനാൾമാരായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, മാർ ജോർജ് ആലഞ്ചേരി, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, മാർ ജോർജ് കൂവക്കാട്ട്, ഡോ. ഫിലിപ്പ് നേരി ഫെറാവോ, ഡോ.ആന്റണി പൂള, സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, മെത്രാപ്പോലീത്തമാർ, മെത്രാന്മാർ, വിവിധ സന്യസ്ത സഭാ പ്രതിനിധികൾ, ഇതര ക്രൈസ്തവസഭകളുടെ മേലധ്യക്ഷന്മാർ തുടങ്ങിയവരും പങ്കെടുക്കും.
കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ പ്രധാനമന്ത്രിയെ അനുഗമിക്കും. സിബിസിഐ ആസ്ഥാനത്ത് എത്തിയശേഷം സേക്രഡ് ഹാർട്ട് കത്തീഡ്രലിലും പ്രധാനമന്ത്രി സന്ദർശനം നടത്തും.
കരോൾ ഗാനങ്ങളടക്കം ആഘോഷത്തിന്റെ ഭാഗമാകും. അത്താഴവിരുന്നോടെ ആഘോഷപരിപാടികൾ സമാപിക്കുമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ അറിയിച്ചു. 24ന് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി തന്റെ വസതിയിൽ വിളിച്ച് വിരുന്ന് നൽകിയിരുന്നു.
2023 ലെ ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ച് ഡൽഹിയിലെ ക്രൈസ്തവ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.