ഇനിമുതൽ റിക്രൂട്ട്മെന്റ് പരീക്ഷകൾ എൻടിഎ നടത്തില്ല
Wednesday, December 18, 2024 1:45 AM IST
ന്യൂഡൽഹി: അടുത്ത വർഷം മുതൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) റിക്രൂട്ട്മെന്റ് പരീക്ഷകൾ നടത്തില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകൾ മാത്രമായിരിക്കും എൻടിഎ നടത്തുകയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (യുജി) എഴുത്തുപരീക്ഷയായി തുടരണോ അതോ കംപ്യൂട്ടർ അധിഷ്ഠിതമാക്കണോയെന്ന കാര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ചർച്ച തുടരുകയാണ്.
വിഷയവുമായി ബന്ധപ്പെട്ട് ഇതിനോടകം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി രണ്ടു വട്ടം ചർച്ച നടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമണ് യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി) വർഷത്തിൽ ഒരിക്കൽ നടത്തുന്നത് തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. വരും വർഷങ്ങളിൽ പ്രവേശന പരീക്ഷകൾ കംപ്യൂട്ടർ അധിഷ്ഠിതമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. അടുത്ത വർഷം എൻടിഎയിൽ പുനഃക്രമീകരണമുണ്ടാകും.
പത്ത് പുതിയ തസ്തികകളെങ്കിലും സൃഷ്ടിക്കപ്പെടും. പരീക്ഷാ നടത്തിപ്പ്, കുറ്റമറ്റ രീതിയിലുള്ള പരിശോധന തുടങ്ങിയവ ഉറപ്പാക്കാൻ എൻടിഎയുടെ പ്രവർത്തനത്തിൽ നിരവധി മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി പറഞ്ഞു.
ഈ വർഷം ആദ്യം നീറ്റ് (യുജി) പരീക്ഷയുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ ആരോപിക്കപ്പെട്ടതിനെത്തുടർന്ന് എൻടിഎയുടെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഐഎസ്ആർഒ മുൻ ചെയർമാൻ ആർ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഉന്നതതലസമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ നിർദേശ പ്രകാരമാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കാൻ മന്ത്രാലയം ലക്ഷ്യമിടുന്നത്.
നീറ്റ് (യുജി) പരീക്ഷ ഒന്നിലധികം ഘട്ടമായി എഴുതുന്ന മൾട്ടി സ്റ്റേജ് എക്സാം അടക്കമുള്ള പരിഷ്കാരങ്ങൾ സമിതി നിർദേശിച്ചിരുന്നു. ഇവയ്ക്കുപുറമെ എൻടിഎയിൽ കരാർ ജീവനക്കാരെ ഒഴിവാക്കി സ്ഥിരനിയമനം നടത്താനും സമിതി നിർദേശിച്ചിരുന്നു.