ബിജെപിയുടെ പി.പി. ചൗധരി ജെപിസി അധ്യക്ഷൻ
Thursday, December 19, 2024 2:23 AM IST
ന്യൂഡൽഹി: ലോക്സഭയിൽ അവതരിപ്പിച്ച "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് 'ഭേദഗതി ബില്ലുകൾ വിശദമായി പഠിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയെ (ജെപിസി) പ്രഖ്യാപിച്ചു.
ബിജെപിയുടെ പി.പി. ചൗധരി അധ്യക്ഷനായ സമിതിയിൽ ലോക്സഭയിൽനിന്ന് 21 അംഗങ്ങളും രാജ്യസഭയിൽനിന്ന് 10 അംഗങ്ങളുമാണുള്ളത്. പ്രിയങ്ക ഗാന്ധി, മനീഷ് തിവാരി, സുഖ്ദേവ് ഭഗത്, രണ്‍ദീപ് സൂർജേവാല എന്നിവർ ജെപിസിയിലെ കോണ്‍ഗ്രസ് പ്രതിനിധികളാണ്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, സാംബിത് പാത്ര തുടങ്ങിയ പ്രമുഖർ ബിജെപിയിൽനിന്ന് ജെപിസി അംഗങ്ങളാകും.
എൻസിപി (ശരദ് പവാർ) നേതാവ് സുപ്രിയ സുലെ, തൃണമൂൽ കോണ്‍ഗ്രസിൽനിന്ന് ലോക്സഭാ എംപി കല്യാണ്‍ ബാനർജി, രാജ്യസഭാ എംപി സാകേത് ഗോഖലെ, ഡിഎംകെയിൽനിന്നും സമാജ്വാദി പാർട്ടിയിൽനിന്നും ഓരോ അംഗങ്ങൾ എന്നിവരും പ്രതിപക്ഷനിരയെ പ്രതിനിധീകരിച്ച് ജെപിസിയിലുണ്ട്.
ബജറ്റ് സമ്മേളനത്തിന്റെ അവസാന ആഴ്ചയിലെ ആദ്യദിവസം റിപ്പോർട്ട് പാർലമെന്റിനുമുന്നിൽ സമർപ്പിക്കണമെന്ന വ്യവസ്ഥയോടെയാണു ജെപിസി രൂപീകരിച്ചത്.
ലോക്സഭയിൽ ബില്ലുകളവതരിപ്പിച്ചപ്പോൾ 269 എംപിമാർ അനുകൂലമായി വോട്ട് ചെയ്യുകയും 198 പേർ എതിർക്കുകയും ചെയ്തിരുന്നു. പിന്നീടാണ് പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും എംപിമാരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ജെപിസി പരിശോധനയ്ക്കു ബിൽ അയക്കാൻ തീരുമാനമായത്.