മാർപാപ്പയുടെ ഇന്ത്യ സന്ദർശനം: കത്തെഴുതി എംപിമാർ
Thursday, December 19, 2024 2:23 AM IST
ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാസന്ദർശനം ഉടൻ യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നൽകി കേരളത്തിൽനിന്നുള്ള ലോക്സഭാ എംപിമാർ.
ഫ്രാൻസിസ് ജോർജ് എംപിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്കു നൽകിയ കത്തിൽ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ശശി തരൂർ തുടങ്ങിയവരും ലക്ഷദ്വീപിൽനിന്നുള്ള എംപി മുഹമ്മദ് ഹംദുള്ള സയീദും ഒപ്പുവച്ചിട്ടുണ്ട്.
2021 ഒക്ടോബർ 30ന് പ്രധാനമന്ത്രി വത്തിക്കാൻ സന്ദർശിച്ചപ്പോൾ മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചത് എംപിമാർ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വർഷം ജൂലൈ 12ന് സിബിസിഐ പ്രതിനിധികൾ പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോൾ മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തെപ്പറ്റി സൂചിപ്പിച്ചിരുന്നുവെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.
മാർപാപ്പയുടെ ഇന്ത്യ സന്ദർശനം യാഥാർഥ്യമാക്കുന്നതിനുള്ള നയതന്ത്രനടപടികൾ ഉടൻ പൂർത്തീകരിക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.
മാർപാപ്പയുടെ ഇന്ത്യ സന്ദർശനം യാഥാർഥ്യമാക്കിയാൽ ആഗോളതലത്തിൽ രാജ്യത്തിന്റെ മതേതരമൂല്യവും സാഹോദര്യവും ഉയർത്തിപ്പിടിക്കാൻ കഴിയുമെന്ന് എംപിമാർ ചൂണ്ടിക്കാട്ടി.