സിഎംആർഎല്ലിനെതിരേ ഗുരുതര ആരോപണമുന്നയിച്ച് എസ്എഫ്ഐഒ
Thursday, December 19, 2024 2:23 AM IST
ന്യൂഡൽഹി: സിഎംആർഎല്ലിനെതിരേ ഗുരുതര ആരോപണമുന്നയിച്ച് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ). ഭീകരപ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കും സിഎംആർഎൽ പണം നൽകിയോയെന്നു സംശയിക്കുന്നതായി എസ്എഫ്ഐഒ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കി.
ഉന്നത രാഷ്ട്രീയ നേതാവിനടക്കം കൈക്കൂലി കിട്ടിയോ എന്നതടക്കമുള്ള വിഷയങ്ങൾ അന്വേഷിക്കുകയാണെന്നും അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു.
സിഎംആർഎല്ലിൽനിന്ന് പണം ലഭിച്ചുവെന്നത് ആർക്കൊക്കെയാണെന്നത് അടക്കമുള്ള വിശദമായ അന്വേഷണമാണ് എസ്എഫ്ഐഒ നടത്തിയതെന്ന് അന്വേഷണ ഏജൻസിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
രാഷ്ട്രീയനേതാക്കൾ, മാധ്യമസ്ഥാപനങ്ങൾ, ഭീകര സംഘടനകളുമായി ബന്ധമുള്ളവർ തുടങ്ങിയവർക്ക് സിഎംആർഎൽ പണം നൽകി എന്നാണ് എസ്എഫ്ഐഒ പറയുന്നത്. എന്നാൽ വിഷയത്തിൽ വിശദ അന്വേഷണം നടക്കുകയാണെന്നും അഭിഭാഷകൻ വ്യക്തമാക്കി.
എസ്എഫ്ഐഒ അന്വേഷണം ചട്ട വിരുദ്ധമാണെന്ന് ആരോപിച്ച് സിഎംആർഎൽ സമർപ്പിച്ച കേസിലാണു വാദം തുടരുന്നത്. അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് അറിയിച്ച അഭിഭാഷകൻ എസ്എഫ്ഐഒയുടെ റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങൾ കോടതിയിൽ വായിക്കുകയും ചെയ്തു. 23ന് കേസിൽ തുടർവാദം നടക്കും.