സഭാ തർക്കം : അനുരഞ്ജന സാധ്യത അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നിർദേശം
Wednesday, December 18, 2024 1:22 AM IST
ന്യൂഡൽഹി: ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കത്തിൽ എറണാകുളം, പാലക്കാട് ജില്ലകളിലായുള്ള ഏതാനുംു പള്ളികളുടെ കൈമാറ്റത്തിൽ വിശദവാദം കേൾക്കുന്നതുവരെ തത്സ്ഥിതി തുടരാൻ സുപ്രീംകോടതി നിർദേശിച്ചു.
അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ സംസ്ഥാന സർക്കാരിന് ഇടപെടാമെന്നും കോടതി വ്യക്തമാക്കി. അടുത്ത മാസം 29, 30 തീയതികളിൽ കൂടുതൽ വാദം കേൾക്കാൻ ജസ്റ്റീസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് കേസ് മാറ്റി.
കേരളത്തിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളിൽ എത്ര പേരുണ്ടെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. പഞ്ചായത്ത് അല്ലെങ്കിൽ വില്ലേജ് അടിസ്ഥാനത്തിൽ സമർപ്പിക്കാനാണു നിർദേശം. ഇരു വിഭാഗങ്ങളുടെയും പൂർണ നിയന്ത്രണത്തിലുള്ള പള്ളികളുടെ പട്ടിക, തർക്കത്തിലിരിക്കുന്ന പള്ളികളുടെ പട്ടിക തുടങ്ങിയവ സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.
ആറു പള്ളികളുടെ ഭരണം ഓർത്തഡോക്സ് വിഭാഗത്തിനു കൈമാറണമെന്ന ഡിസംബർ മൂന്നിലെ ഉത്തരവ് നടപ്പാക്കണമെന്ന് ഓർത്തഡോക്സ് സഭയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ചന്ദർ ഉദയ് സിംഗ് കോടതിയിൽ ആവശ്യപ്പെട്ടു.
മലങ്കര സഭയിലെ പള്ളികളിലെ സെമിത്തേരി തർക്കം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിശദമായി വാദം കേൾക്കുന്നതിനാൽ അത്തരമൊരു ഉത്തരവ് ഈ ഘട്ടത്തിൽ പുറപ്പെടുവിക്കില്ലെന്ന് കോടതി വ്യക്തമാക്കി. നിർദേശം നടപ്പാക്കാൻ ഇരുവിഭാഗങ്ങളും ചില ബുദ്ധിമുട്ടുകൾ നേരിടുന്നതായി വാദത്തിനിടയിൽ ജസ്റ്റീസ് സൂര്യകാന്ത് വാക്കാൽ പറഞ്ഞു.
ഇരുവിഭാഗങ്ങളും തമ്മിൽ അനുരഞ്ജനത്തിനു സാധ്യതയുണ്ടോയെന്ന് അന്വേഷിക്കാൻ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട് കോടതി ആവശ്യപ്പെട്ടു.
എറണാകുളം, പാലക്കാട് ജില്ലകളിലെ മൂന്ന് പള്ളികളുടെ ഭരണം യാക്കോബായ വിഭാഗത്തിൽനിന്ന് ഏറ്റെടുക്കണമെന്ന കേരള ഹൈക്കോടതിയുടെ നിർദേശത്തിനെതിരേ സമർപ്പിച്ച ഹർജികളാണു കോടതി പ്രധാനമായും പരിഗണിക്കുന്നത്.