വീടിനു തീപിടിച്ച് മുന്‍ ഡിഎസ്പി ഉൾപ്പെടെ ആറു പേര് മരിച്ചു
Thursday, December 19, 2024 2:23 AM IST
കത്വ: ജമ്മു കാഷ്മീരിൽ വീടിനു തീപിടിച്ച് മുന്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും കൊച്ചുമകനും ഉള്‍പ്പെടെ ആറു പേര് ശ്വാസം മുട്ടി മരിച്ചു.
മുന്‍ ഡെപ്യൂട്ടി എസ്പി അവതാര്‍ കൃഷന് റെയ്ന(81), അദ്ദേഹത്തിന്റെ മകള്‍ ബര്‍ഖ റെയ്ന (25), മകന് തകാഷ് (3), 17കാരനായ ഗംഗാ ഭഗത് (17), ഡാനിഷ് ഭഗത്(15), അദ്വിക് (ആറ്) എന്നിവരാണ് മരിച്ചത്. അവതാര്‍ കൃഷന് റെയ്നയുടെ ഭാര്യ സ്വര്‍ണ(61), നീതു ദേവി, അരുണ്‍ കുമാര്‍ 69 വയസുള്ള ഒരു സ്ത്രീ എന്നിവർ ചികിത്സയിലാണ്.
ജമ്മു കശ്മീരിലെ കഠുവ ജില്ലയില്‍ ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു അപകടം. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വീട്ടിലുണ്ടായിരുന്ന പത്തുപേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആറുപേര്‍ മരിച്ചു. പുക ശ്വസിച്ചു ശ്വാസംമുട്ടിയാണ് എല്ലാവരും മരിച്ചതെന്നാണ് പോലീസ് പറയുന്നത്.