ഭരണഘടനയും ഫെഡറലിസവും നേരിടുന്നത് വലിയ വെല്ലുവിളി: ജോസ് കെ. മാണി
Wednesday, December 18, 2024 1:22 AM IST
ന്യൂഡൽഹി: ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ സർക്കാർ എന്ന ജനാധിപത്യ സങ്കല്പത്തെ ചുരുക്കം ചിലർക്കായി ചുരുക്കം ചിലർ നിയന്ത്രിക്കുന്ന ചുരുക്കം ചിലരുടെ സർക്കാരാക്കി ബിജെപി ഭരണകൂടം മാറ്റിയെന്ന് ജോസ് കെ. മാണി എംപി രാജ്യസഭയിൽ കുറ്റപ്പെടുത്തി.
സംസ്ഥാനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കു കേന്ദ്രസർക്കാരിനെ അമിതമായി ആശ്രയിക്കേണ്ട അവസ്ഥയാണെന്നും സംസ്ഥാനങ്ങൾക്ക് നൽകുന്ന സാന്പത്തികസഹായങ്ങളുടെ കാര്യങ്ങളിൽ തികഞ്ഞ പക്ഷപാതവും അസന്തുലിതാവസ്ഥയും കേന്ദ്രസർക്കാർ സൃഷ്ടിച്ചെന്നും ജോസ് കെ. മാണി പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനയും ഇന്ത്യയുടെ മുഖമുദ്രയായ ഫെഡറലിസവും വലിയ ഭീഷണിയാണു നേരിടുന്നത്. വിവേചനത്തോടുകൂടിയുള്ള ധനകാര്യ വിഭവ വിതരണമാണു കേന്ദ്രസർക്കാർ നടത്തുന്നത്.
ഭയവും അടിച്ചമർത്തലും വിവേചനവുമല്ല ജനാധിപത്യത്തിന്റെ സ്വഭാവമെന്നും ഭയരഹിതവും സ്വതന്ത്രമായ ആശയവിനിമയ പ്രക്രിയയും പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹങ്ങടക്കമുള്ളവരുടെ അവകാശ സംരക്ഷണവും ഉറപ്പുവരുത്തുന്പോൾ മാത്രമേ ജനാധിപത്യം അതിന്റെ പൂർണതയിൽ എത്തുകയുള്ളൂവെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.