ജസ്റ്റീസ് യാദവിന് സുപ്രീംകോടതി കൊളീജിയത്തിന്റെ താക്കീത്
Thursday, December 19, 2024 2:23 AM IST
ന്യൂഡൽഹി: വിവാദ പ്രസംഗത്തിൽ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിന് സുപ്രീംകോടതി കൊളീജിയത്തിന്റെ താക്കീത്. ഇന്നലെ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള കൊളീജിയം മുന്പാകെ ഹാജരായി നൽകിയ വിശദീകരണം തൃപ്തികരമല്ലാതെ വന്നതോടെയാണു ജസ്റ്റീസ് യാദവിന് കൊളീജിയം താക്കീത് നൽകിയത്.
വിവാദം സൃഷ്ടിക്കാൻ തന്റെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചെന്നായിരുന്നു ജസ്റ്റീസ് യാദവിന്റെ വാദം. എന്നാൽ വിശദീകരണം കൊളീജിയത്തിനു ബോധ്യപ്പെട്ടില്ല. തുടർന്ന് പെരുമാറ്റത്തിൽ കൂടുതൽ ജാഗ്രത പാലിക്കാനും ജുഡീഷറിയുടെ അന്തസ് നിലനിർത്താനും കൊളീജിയം അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
ജുഡീഷറിയുടെ മേലുള്ള വിശ്വാസം നിലനിർത്തണമെന്നും കൊളീജിയം നിർദേശിച്ചു. പരാമർശങ്ങൾ വിവാദമായതോടെയാണ് കൊളീജിയം മുന്പാകെ ഹാജരാകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്.
ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്നായിരുന്നു വിശ്വഹിന്ദു പരിഷത്തിന്റെ യോഗത്തിൽ പങ്കെടുത്ത് ജസ്റ്റീസ് യാദവ് നടത്തിയ പരാമർശം. പരാമർശത്തിൽ വലിയ പ്രതിഷേധമാണുയർന്നത്.
അദ്ദേഹത്തെ ഇംപീച്ച്മെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടു 55 എംപിമാർ ഒപ്പിട്ട പ്രമേയം രാജ്യസഭാ സെക്രട്ടറി ജനറലിന് പ്രതിപക്ഷ അംഗങ്ങൾ നൽകിയിരുന്നു. കൂടാതെ, ജസ്റ്റീസ് യാദവിനെതിരേ നടപടി ആവശ്യപ്പെട്ട് ലോയേഴ്സ് അസോസിയേഷൻ അടക്കം വിവിധ സംഘടനകൾ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് കത്തയയ്ക്കുകയും ചെയ്തു.