കോണ്ഗ്രസ് തന്റെ വാക്കുകൾ വളച്ചൊടിച്ചു: അമിത് ഷാ
Thursday, December 19, 2024 2:23 AM IST
ന്യൂഡൽഹി: അംബേദ്കറിനെ തനിക്കൊരിക്കലും എതിർത്തു പറയാൻ കഴിയില്ലെന്നും തന്റെ വാക്കുകൾ കോണ്ഗ്രസ് വളച്ചൊടിക്കുകയായിരുന്നുവെന്നും അമിത് ഷാ.
രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ അംബേദ്കറെ അപമാനിച്ചെന്നും മാപ്പു പറഞ്ഞ് രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് പ്രതിരോധവുമായി അമിത് ഷാ രംഗത്തെത്തിയത്.
പാർലമെന്റിൽ താൻ നടത്തിയ പ്രസ്താവനകൾ കോണ്ഗ്രസ് വളച്ചൊടിച്ചത് അപലപനീയമാണെന്ന് അമിത് ഷാ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കോണ്ഗ്രസ് അംബേദ്കറിന്റെ മരണത്തിനുശേഷവും അദ്ദേഹത്തെ പരിഹസിക്കാൻ ശ്രമിച്ചിട്ടുണ്ട്.
കോണ്ഗ്രസ് സർക്കാരാണ് അദ്ദേഹത്തിന് ഭാരതരത്ന നിഷേധിച്ചത്. കോണ്ഗ്രസ് ഒരിക്കലും അംബേദ്കർ സ്മാരകങ്ങൾ നിർമിച്ചിട്ടില്ല. ബിജെപി സർക്കാരാണ് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി രാജ്യത്തെങ്ങും നിരവധി സ്മാരകങ്ങൾ നിർമിച്ചത്. അദ്ദേഹത്തിനെ ആദരിക്കുന്നതിനായി മോദിസർക്കാർ ഭരണഘടനാദിനം പ്രഖ്യാപിച്ചു.
ബിജെപി അധികാരത്തിലിരുന്നപ്പോഴെല്ലാം ഭരണഘടനയെ സംരക്ഷിച്ചിട്ടുണ്ട്. എന്നാൽ കോണ്ഗ്രസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ഭരണഘടനയെ ആക്രമിച്ചിട്ടുണ്ട്. കോണ്ഗ്രസ് അംബേദ്കർ വിരുദ്ധരും സംവരണവിരുദ്ധരും ഭരണഘടനാവിരുദ്ധരുമാണെന്നും അമിത് ഷാ ആരോപിച്ചു.