ഉയര്‍ന്ന ഇപിഎഫ് പെന്ഷന്: വിവരം നല്കാന് ഒരു മാസംകൂടി സമയം
Thursday, December 19, 2024 2:23 AM IST
ന്യൂഡല്‍ഹി: ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്ഷന് ലഭിക്കാന്‍ അപേക്ഷിച്ച ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ശമ്പളവിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ തൊഴിലുടമകള്‍ക്ക് വീണ്ടും സമയം നീട്ടി നല്കി ഇപിഎഫ്ഒ.
അപേക്ഷകരുടെ ശമ്പളവിവരങ്ങള്‍ നല്കാന് കൂടുതല്‍ സാവകാശം അനുവദിക്കണമെന്ന തൊഴിലുടമകളുടെ ആവശ്യം പരിഗണിച്ച് അടുത്ത വർഷം ജനുവരി 31 വരെയാണു സമയം അനുവദിച്ചത്. 3.1 ലക്ഷം അപേക്ഷകരുടെ ശമ്പളവിവരങ്ങളാണ് തൊഴിലുടമകള്‍ ഇനിയും അപ്ലോഡ് ചെയ്യാനുള്ളത്. ഇതിനോടകം നിരവധി തവണയാണ് സമയപരിധി ഇപിഎഫ്ഒ നീട്ടിനല്‍കിയത്.
2022 നവംബറിലാണ് ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്ഷന് നല്കാന് സുപ്രീംകോടതി ഉത്തരവിട്ടത്.
ഉയര്‍ന്ന പെന്‍ഷനുള്ള ജോയിന്റ് ഓപ്ഷന് ജീവനക്കാര്‍ തെരഞ്ഞെടുക്കുകയും തൊഴിലുടമകള്‍ അതു ശരിവയ്ക്കുകയും ചെയ്യണം. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്ഷന് ലഭിക്കാന്‍ ഓപ്ഷനുകള്‍/ ജോയിന്റ് ഓപ്ഷനുകള്‍ സാധൂകരിക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ഇപിഎഫ്ഒ ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.