ഉപധനാഭ്യർഥന ചർച്ചയ്ക്കിടയിൽ ലോക്സഭാ ചട്ടങ്ങളുയർത്തി പ്രേമചന്ദ്രൻ
Wednesday, December 18, 2024 1:22 AM IST
ന്യൂഡൽഹി: ഉപധനാഭ്യർഥനയുടെ ചർച്ചയ്ക്ക് മറുപടി പറയവെ മന്ത്രി നിർമല സീതാരാമനും എൻ.കെ. പ്രേമചന്ദ്രൻ എംപിയും തമ്മിൽ സംവാദം. ഊർജ മന്ത്രാലയത്തിലേക്ക് ലോക്സഭയുടെ അനുമതിയില്ലാതെ 100 കോടി രൂപ മുൻകൂറായി എടുത്തശേഷം സഭയെ അറിയിച്ചില്ലെന്ന വിഷയം ഉന്നയിച്ചാണ് ഇരുവരും തമ്മിൽ സംവാദം ഉടലെടുത്തത്.
കണ്ടിജൻസി ഫണ്ടിൽനിന്നു പാർലമെന്റിന്റെ അനുമതി കൂടാതെ ഏതെങ്കിലും ഒരു വകുപ്പിലേക്കോ മന്ത്രാലയത്തിലേക്കോ ഗണ്യമായ തുക മുൻകൂറായി എടുത്താൽ അതുസംബന്ധിച്ച പ്രസ്താവന എത്രയും വേഗം ലോക്സഭയിൽ പുറപ്പെടുവിക്കണമെന്ന വ്യവസ്ഥ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
പാർലമെന്റ് സമ്മേളനം നടക്കുന്പോൾ അഡ്വാൻസ് തുക എടുത്താൽ മാത്രമേ ഈ ചട്ടം ബാധകമാകൂവെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാൽ ധനമന്ത്രാലയത്തിന്റെ ധന സേവനവുമായി ബന്ധപ്പെട്ട ചട്ടം സഭയിൽ ഉദ്ധരിച്ചുകൊണ്ട് മന്ത്രിയുടെ വാദത്തെ പ്രേമചന്ദ്രൻ എതിർത്തു.
ചട്ടമനുസരിച്ച് അഡ്വാൻസ് എടുക്കുന്നതിനുമുന്പ് ലോക്സഭയിൽ അറിയിക്കണമെന്നും അടിയന്തരഘട്ടത്തിൽ അനുമതി വാങ്ങാൻ കഴിഞ്ഞില്ലെങ്കിൽ അഡ്വാൻസ് എടുത്ത ഉടൻതന്നെ ലോക്സഭയിൽ പ്രസ്താവന നൽകണമെന്ന ചട്ടവും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
കൂടുതൽ പ്രതിരോധത്തിലായി മന്ത്രി ഉപധനാഭ്യർഥനകളിലൂടെ വിവരം സഭയെ അറിയിക്കുന്നത് പ്രസ്താവനയ്ക്കു തുല്യമാണെന്ന് വ്യക്തമാക്കി. എന്നാൽ വിഷയം കൂടുതൽ വിശദീകരിച്ചതോടെ പിഴവ് മന്ത്രി പരോക്ഷമായി അംഗീകരിച്ചു.