111 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി; വയനാട്ടിൽ കെ. സുരേന്ദ്രൻ, വരുൺ ഗാന്ധിക്കു സീറ്റില്ല
Monday, March 25, 2024 3:43 AM IST
ന്യൂഡൽഹി: വയനാട്ടിൽ രാഹുൽഗാന്ധിക്കെതിരേ കെ. സുരേന്ദ്രൻ ബിജെപി സ്ഥാനാർഥി. കൊല്ലത്ത് നടൻ ജി. കൃഷ്ണകുമാറും എറണാകുളത്ത് ഡോ. കെ.എസ്. രാധാകൃഷ്ണനും ആലത്തൂരിൽ ടി.എൻ. സരസുവും ബിജെപി സ്ഥാനാർഥികളാകും. ഇന്നലെ ബിജെപി പുറത്തിറക്കിയ 111 പേരുടെ പട്ടികയിലാണ് സുരേന്ദ്രൻ ഇടം കണ്ടത്.
വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നല്കിയില്ല. യുപി മന്ത്രി ജിതിൻ പ്രസാദയാണ് വരുണിന്റെ സീറ്റായ പിലിഭിത്തിലെ ബിജെപി സ്ഥാനാർഥി. വരുണിന്റെ അമ്മ മേനക ഗാന്ധി യുപിയിലെ സുൽത്താൻപുരിൽ മത്സരിക്കും. കേന്ദ്രമന്ത്രിമാരായ അശ്വിനികുമാർ ചൗബേ, വി.കെ. സിംഗ്, മുൻ കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെ എന്നിവരെയും ഒഴിവാക്കി.
നടി കങ്കണ റണാവത് ഹിമാചൽപ്രദേശിലെ മണ്ഡിയിൽ ബിജെപി സ്ഥാനാർഥിയാകും. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ഒഡീഷയിലെ സാംബൽപുരിൽ ജനവിധി തേടും. രാമായണം ടിവി സീരിയലിൽ ശ്രീരാമന്റെ വേഷം അഭിനയിച്ച അരുൺ ഗോവിൽ യുപിയിലെ മീററ്റിൽ മത്സരിക്കും. മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായ ബംഗാളിലെ ടാംലുക്കിൽ ജനവിധി തേടും.