മണിപ്പുർ: അവശ്യസാധനങ്ങളുമായി പോകുന്ന ട്രക്കുകൾക്ക് സുരക്ഷയൊരുക്കി സൈന്യം
Monday, May 22, 2023 12:42 AM IST
ഇംഫാൽ: മണിപ്പുരിലെ സംഘർഷമേഖലകളിലേക്ക് അവശ്യസാധനങ്ങളുമായി പോകുന്ന ട്രക്കുകൾക്കു സുരക്ഷയൊരുക്കി സൈന്യം.
ഇംഫാലിൽനിന്നു ദേശീയപാത-37 വഴി സംഘർഷമുണ്ടായ പ്രദേശങ്ങളിലേക്ക് പോകുന്ന ട്രക്കുകൾക്ക് കരസേന, ആസാം റൈഫിൾസ്, മണിപ്പുർ പോലീസ് എന്നിവയാണു സുരക്ഷയൊരുക്കുന്നതെന്നു പ്രതിരോധ വക്താവ് പറഞ്ഞു. പതിനായിരത്തോളം സുരക്ഷാസൈനികരാണ് മണിപ്പുരിലുള്ളത്.
മെയ്തെയ് വിഭാഗത്തിന്റെ സംവരണപ്രശ്നത്തിലാണു മണിപ്പുരിൽ സംഘർഷം ഉടലെടുത്തത്. ഗിരിവർഗ മേഖലയിൽ എഴുപതോളം പേർ കൊല്ലപ്പെട്ടു. നിരവധി ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിക്കിരയായി. സംസ്ഥാനത്തെ ജനസംഖ്യയിൽ 53 ശതമാനം വരുന്ന മെയ്തെയ് വിഭാഗക്കാർ പ്രധാനമായും ഇംഫാൽ താഴ്വരയിലാണു വസിക്കുന്നത്. നാഗ, കുക്കി വിഭാഗങ്ങളിൽപ്പെടുന്ന 40 ശതമാനം വരുന്ന ഗോത്രവർഗക്കാർ കുന്നിൻപ്രദേശങ്ങളിൽ കഴിയുന്നു.