പാർലമെന്റിനു മുന്പിൽ ആത്മഹത്യക്കു ശ്രമിച്ച യുവാവ് മരിച്ചു
Saturday, December 28, 2024 2:55 AM IST
ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിനു മുന്പിൽ തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ച യുവാവ് മരിച്ചു. ഉത്തർപ്രദേശ് ബാഗ്പത് സ്വദേശി ജിതേന്ദ്രയാണു മരിച്ചത്.
കഴിഞ്ഞ 25നാണ് പുതിയ പാർലമെന്റ് മന്ദിരത്തിനു സമീപം പെട്രോൾ ദേഹത്തൊഴിച്ച് തീ കൊളുത്തിയത്.
പാർലമെന്റിനു സമീപം വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഓടിയെത്തി തീയണച്ച് ഉടൻ ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, 95 ശതമാനം പൊള്ളലേറ്റ ജിതേന്ദ്ര ഇന്നലെ പുലർച്ചെയാണു മരിച്ചത്.
ജിതേന്ദ്രയുടെ കുടുംബവും ഗ്രാമത്തിലെ മറ്റൊരു കുടുംബവും തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട് ഒന്നിലധികം കേസുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരിക്കാം ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.