മേഘാലയയിൽ പള്ളിക്കുള്ളിൽ “ജയ് ശ്രീറാം” വിളി; കേസ്
Saturday, December 28, 2024 2:55 AM IST
ഷില്ലോംഗ്: മേഘാലയയിലെ പള്ളിയിൽ കടന്നുകയറി ജയ് ശ്രീറാം എന്നു വിളിച്ചയാൾക്കെതിരേ പോലീസ് കേസെടുത്തു.
ഈസ്റ്റ് ഖാസി ജില്ലയിലെ മാവ്ലിന്നോംഗ് ഗ്രാമത്തിലെ പള്ളിയിലായിരുന്നു സംഭവം. അൾത്താരയിൽ പ്രവേശിച്ച ആകാശ് സാഗർ എന്നയാൾ ജയ് ശ്രീറാം എന്നു വിളിക്കുകയും അത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.
സംഭവത്തെ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ അപലപിച്ചു. സമൂഹത്തിൽ അസ്വാരസ്യമുണ്ടാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
പള്ളിയിൽ കടന്നുകയറി “ജയ് ശ്രീറാം” വിളിച്ച സംഭവത്തെ മേഘാലയയിലെ പ്രമുഖ ഹിന്ദു സംഘടനയായ സെൻട്രൽ പൂജ കമ്മിറ്റി(സിപിസി) അപലപിച്ചു. അക്രമിക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് സിപിസി പ്രസിഡന്റ് നബ ഭട്ടാചാർജി ആവശ്യപ്പെട്ടു.