ഒരുപിടി പരിഷ്കാരങ്ങൾ
Saturday, December 28, 2024 2:55 AM IST
ന്യൂഡൽഹി: കറകളഞ്ഞ രാഷ്ട്രീയ നേതാവ് എന്നതിലുപരി ലോകം കണ്ട മികച്ച സാന്പത്തിക വിദഗ്ധൻ എന്ന വിശേഷണമാണ് ഡോ. മൻമോഹൻ സിംഗിനു ചേരുക.
ഉദാരവത്കരണ നയങ്ങളിലൂടെ ഇന്ത്യയുടെ സാന്പത്തികമേഖലയെ ലോകരാജ്യങ്ങൾക്കു മുന്നിൽ കിടപിടിക്കുന്നതായി ഉയർത്തിയ സാന്പത്തിക വിദഗ്ധനായ പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിംഗ്. 1991 ൽ രാജ്യത്തിന്റെ ധനമന്ത്രിയായി രാഷ്ട്രീയ പ്രവേശനം നടത്തിയ അദ്ദേഹം രണ്ടു പ്രാവശ്യം പ്രധാനമന്ത്രിപദം അലങ്കരിച്ചു.
വെല്ലുവിളി
ധനമന്ത്രി എന്ന ഉത്തരവാദിത്വം 1991 ൽ പി.വി. നരസിംഹ റാവു അദ്ദേഹത്തെ ഏൽപ്പിക്കുന്പോൾ രാജ്യം കടന്നുപോകുന്ന സാന്പത്തിക പ്രതിസന്ധിയുടെ ആഴമെന്തെന്ന് മൻമോഹൻ സിംഗിന് നല്ല ധാരണയുണ്ടായിരുന്നു. എങ്കിലും ആ വെല്ലുവിളി ഏറ്റെടുത്ത അദ്ദേഹത്തിന്റെ കൈയിൽ രാജ്യത്തെ സാന്പത്തിക മേഖലയെ തിരിച്ചുപിടിക്കാനുള്ള മറുമരുന്നും ഭദ്രമായിരുന്നു. ജൂലൈ 24ന് അദ്ദേഹം അവതരിപ്പിച്ച ആദ്യ ബജറ്റ് പ്രസംഗത്തിൽ തന്നെ ഇക്കാര്യം വ്യക്തമായി.
മൻമോഹൻ സിംഗ് ധനമന്ത്രിയായി ചുമതലയേൽക്കുന്പോൾ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം കഷ്ടിച്ച് രണ്ടാഴ്ചത്തേക്കുകൂടി മാത്രമായിരുന്നു ഉണ്ടായിരുന്നത്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 8.5 ശതമാനം കടന്ന ധനക്കമ്മി ഏതു നിമിഷം വേണമെങ്കിലും രാജ്യത്തെ സാന്പത്തിക തകർച്ചയിലേക്ക് തള്ളിവിടുന്ന അവസ്ഥയിലായിരുന്നു. അവിടെ നിന്നും വളർന്നുകൊണ്ടിരിക്കുന്ന പ്രധാന സാന്പത്തിക ശക്തിയാക്കി രാജ്യത്തെ മാറ്റാൻ അദ്ദേഹത്തിന്റെ നയങ്ങൾക്കും പരിഷ്കാരങ്ങൾക്കും സാധിച്ചു. സോഷ്യലിസ്റ്റ് അടിസ്ഥാനത്തിലൂന്നിയ നെഹ്റുവിയൻ സാന്പത്തിക ആശയത്തിൽനിന്നും രാജ്യം ഉദാരവത്കരണത്തിലേക്ക് നീങ്ങുന്പോൾ അതിന്റെ മുന്നിൽ മൻമോഹൻ സിംഗായിരുന്നു.
പുത്തനുണർവ്
രാജ്യം നേരിട്ട സാന്പത്തികത്തകർച്ച മറികടക്കാൻ അന്താരാഷ്ട്ര നാണ്യനിധിയിൽ (ഐഎംഎഫ്)നിന്നു വായ്പയെടുക്കുകയായിരുന്നു ഏക മാർഗം. എന്നാൽ, വായ്പ അനുവദിക്കാൻ വിപണി വിദേശനിക്ഷേപത്തിന് തുറന്നുകൊടുക്കണമെന്നും ലൈസൻസ് രാജ് നീക്കണമെന്നുമുള്ള നിബന്ധനകൾ ഐഎംഎഫ് മുന്നോട്ടുവച്ചു.
എതിർപ്പുകളെ അവഗണിച്ച് മൻമോഹൻ ആ തീരുമാനത്തിന് പച്ചക്കൊടി കാട്ടി. ഇവയ്ക്കുപുറമെ ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ചതും പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ചതും വഴി സാന്പത്തിക മേഖലയെ പിടിച്ചുനിർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. 1991-93 കാലഘട്ടത്തിൽ 5.1 ശതമാനമായിരുന്ന ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്ക് മൻമോഹന്റെ സാന്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായി 1994ൽ 7.3 ശതമാനമായി കുതിച്ചു കയറി. ലോകത്തെ മുൻനിര സാന്പത്തികശക്തിയായി ഇന്ത്യ വളരുന്നതാണ് പിന്നീടു കാണാൻ സാധിച്ചത്.
ഉദാരവത്കരണ നയം
1991 ൽ ധനമന്ത്രിയായിരിക്കെ മൻമോഹൻ സിംഗ് തന്റെ ബജറ്റിലൂടെ ഇന്ത്യയുടെ സാന്പത്തിക പരിഷ്കരണത്തിന് തുടക്കമിട്ടു. പുതിയ സാന്പത്തിക നയത്തിന്റെ കരട് രൂപീകരിച്ചതിന്റെ ബഹുമതിയും മൻമോഹനുതന്നെയാണ്.
വ്യവസായമേഖലയെ ഉദാരവത്കരിക്കുക മാത്രമല്ല, പുതിയ സാന്പത്തികനയംകൊണ്ട് ഉദ്ദേശിച്ചത്. ധനപരവും പണപരവുമായ അച്ചടക്കം സാന്പത്തികമേഖലയിൽ കൊണ്ടുവരികയും സ്വകാര്യവത്കരണത്തിലേക്ക് വഴിയൊരുക്കുകയും ചെയ്തു. ബാങ്കിംഗ് മേഖലയ്ക്കുണ്ടായിരുന്ന അധിക നിയന്ത്രണത്തിൽനിന്ന് അതിനെ മോചിപ്പിച്ചു.
ജനപ്രീതി
ധനമന്ത്രിയിൽനിന്ന് പ്രധാനമന്ത്രി പദവിയിലേക്കെത്തിയപ്പോൾ ഒരുപിടി ജനക്ഷേമ പദ്ധതികളുമായി വിമർശകരുടെ വായ് അടപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. സർക്കാർ സേവനങ്ങളും സബ്സിഡികളും ജനങ്ങൾക്കു നേരിട്ടെത്തിക്കാൻ ആധാർ കാർഡ് പദ്ധതി അദ്ദേഹത്തിന്റെ കാലത്താണ് അവതരിപ്പിച്ചത്.
ഗ്രാമീണമേഖലകളിൽ ആരോഗ്യരക്ഷാ സേവനങ്ങൾക്ക് ഊന്നൽ നൽകുന്ന ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എൻആർഎച്ച്എം), ആദിവാസികൾക്ക് വനഭൂമിയിൽ അവകാശം നൽകുന്ന വന അവകാശ നിയമം എന്നിവയ്ക്കുപുറമെ നിരവധി പരിഷ്കാരങ്ങളും മൻമോഹന്റെ കാലത്ത് രാജ്യം ദർശിച്ചു. രാജ്യം ഇന്നനുഭവിക്കുന്ന സുസ്ഥിര വികസന സൂചികകൾ മൻമോഹൻ സിംഗ് എന്ന സാന്പത്തിക വിദഗ്ധന്റെ ദീർഘദർശനത്തിന്റെ ഫലം കൂടിയാണ്.
നീല തലപ്പാവിനു പിന്നിലെ രഹസ്യം
രാജ്യത്തെ സിക്ക് വിഭാഗത്തിൽപ്പെട്ട ആദ്യ പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിംഗ്. അതിനാൽത്തന്നെ അദ്ദേഹത്തെ സ്മരിക്കുന്പോൾ മനസിൽ തെളിഞ്ഞുവരുന്ന രൂപം നീല തലപ്പാവ് ധരിച്ച സൗമ്യനായി ചിരിക്കുന്നയാളെയാണ്.
നീല തലപ്പാവില്ലാതെ അദ്ദേഹത്തെ കണ്ടിട്ടുള്ളത് വളരെ ചുരുക്കം സമയങ്ങളിൽ മാത്രമാണ്. അദ്ദേഹത്തിന്റെ നീല തലപ്പാവ് ഒരുകാലത്ത് വലിയ ചർച്ചാവിഷയമായിരുന്നു. അങ്ങനെയിരിക്കെ ഒരു നാൾ മൻമോഹൻ സിംഗ് തന്നെ ആ രഹസ്യത്തിന്റെ മറ നീക്കി.
കേംബ്രിജ് സർവകലാശാലയോടുള്ള ആദരസൂചകമാണ് താൻ നീല തലപ്പാവ് ധരിക്കുന്നതെന്നാണ് മൻമോഹൻ സിംഗ് ഒരു പ്രസംഗത്തിൽ വെളിപ്പെടുത്തിയത്. നീല തന്റെ പ്രിയപ്പെട്ട നിറങ്ങളിൽ ഒന്നാണ്. കേംബ്രിജിലെ തന്റെ കാലത്തെ നിരന്തരമായി ഓർമപ്പെടുത്തുന്നതാണ് നീല നിറമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രിയം മാരുതി 800
പ്രധാനമന്ത്രിപദം അലങ്കരിക്കുന്പോഴും ലാളിത്യത്തെ ഇഷ്ടപ്പെടുന്ന വ്യക്തിയായിരുന്നു മൻമോഹൻ സിംഗ്. പ്രധാനമന്ത്രിയായിരിക്കെ തനിക്കു ലഭിച്ച ബിഎംഡബ്ല്യു ആഡംബര കാറിനേക്കാളും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത് തന്റെ സ്വന്തം മാരുതി സുസുക്കി 800 നെയായിരുന്നു.
ഉത്തർപ്രദേശ് സാമൂഹിക ക്ഷേമ സഹമന്ത്രിയും മൻമോഹൻ സിംഗ് പ്രധാന മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായി പ്രവർത്തിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ അസിം അരുണാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നുകൊണ്ട് സമൂഹമാധ്യമത്തിൽ ഇക്കാര്യം കുറിച്ചത്.
അത്യാധുനിക സുരക്ഷാ വാഹങ്ങളുടെ ഒരുകൂട്ടം അദ്ദേഹത്തിന് ലഭ്യമായിരുന്നിട്ടും എന്നും അദ്ദേഹത്തിന് പ്രിയപ്പെട്ടത് മാരുതി സുസുക്കി 800 തന്നെയായിരുന്നുവെന്ന് അസിം പറയുന്നു. ഇതിനുള്ള പ്രധാന കാരണം സാധാരണക്കാരോടുള്ള പ്രതിബദ്ധതയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
‘‘2004 മുതൽ ഏകദേശം മൂന്നു വർഷത്തോളം ഞാൻ അദ്ദേഹത്തിന്റെ അംഗരക്ഷകനായി സേവനമനുഷ്ഠിച്ചു. സ്പെഷൽ പ്രൊക്ഷൻ ഗ്രൂപ്പാണ് (എസ്പിജി) പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്. ക്ലോസ് പ്രൊട്ടക്ഷൻ ടീമിന്റെ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ എന്നനിലയിൽ അദ്ദേഹത്തോടൊപ്പം നിൽക്കുക എന്നതായിരുന്നു എന്റെ ഉത്തരവാദിത്വം”– അസിം അരുൺ കൂട്ടിച്ചേർത്തു.
ചോദ്യങ്ങളോട് ഒരിക്കൽപ്പോലും മുഖം തിരിക്കാത്ത പ്രധാനമന്ത്രി
ഒരിക്കലും തനിക്കുനേരെ ഉയരുന്ന ചോദ്യങ്ങളോട് മന്മോഹന് സിംഗ് മുഖം തിരിക്കുകയോ ഒളിച്ചോടുകയോ ചെയ്തിരുന്നില്ല. അത് മാധ്യമങ്ങള്‍ക്കു മുന്നിലായാലും പാര്ലമെന്റിനുള്ളിലായാലും രാജ്യാന്തരവേദികളിലായാലും അങ്ങനെതന്നെ.
പ്രധാനമന്ത്രിയായിരുന്ന പത്തു വര്‍ഷങ്ങളില്‍ 117 വാര്‍ത്താസമ്മേളനങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്. ഇതില്‍ 72 എണ്ണം വിദേശ സന്ദര്‍ശനങ്ങളിലായിരുന്നു. 23 എണ്ണം ആഭ്യന്തരതലത്തിലോ സംസ്ഥാന സന്ദര്‍ശനങ്ങളിലോ ആയിരുന്നെങ്കില്‍ 12 എണ്ണം തെരഞ്ഞെടുപ്പുകളോ രാഷ്ട്രീയ സംഭവങ്ങളോ ആയി ബന്ധപ്പെട്ടതായിരുന്നു.
2014 ജനുവരി മൂന്നിന് പ്രധാനമന്ത്രി എന്നനിലയിൽ നടത്തിയ അവസാന വാര്‍ത്താസമ്മേളനത്തില്‍ മുന്‍കൂട്ടി അറിയിക്കാത്ത 62 ചോദ്യങ്ങള്‍ക്കായിരുന്നു മന്മോഹന് സിംഗ് മറുപടി നല്‍കിയത്. നൂറോളം മാധ്യമപ്രവര്‍ത്തകര്‍ സന്നിഹിതരായിരുന്നു.