കോളജ് വിദ്യാർഥിനി മാനഭംഗത്തിനിരയായ സംഭവം: സ്വയം ചാട്ടവാറിനടിച്ച് അണ്ണാമലൈ
Saturday, December 28, 2024 2:55 AM IST
കോയന്പത്തൂർ: അണ്ണാ യൂണിവേഴ്സിറ്റിയിലെ കോളജ് വിദ്യാർഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരേ വേറിട്ട പ്രതിഷേധവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ.
ക്രിസ്മസ് ദിനത്തിൽ വിദ്യാര്‍ഥിനിക്കു നേരിട്ട കൊടിയ ക്രൂരതയില്‍ സർക്കാരിനും പോലീസിനും എതിരേ സ്വന്തം ശരീരത്തില്‍ ചാട്ടവാറിനടിച്ചാണ് അണ്ണാമലൈ പ്രതിഷേധിച്ചത്.
അണ്ണാമലൈയ്ക്കു പിന്തുണയുമായി, സർക്കാരിനെതിരേയുള്ള പ്ലക്കാർഡുകളുമായി ബിജെപി അംഗങ്ങൾ അദ്ദേഹത്തിന്റെ കോയന്പത്തൂരിലെ വസതിക്കു മുന്പിലെത്തിയിരുന്നു.
48 ദിവസത്തെ വ്രതം ആരംഭിക്കുന്നതായും അണ്ണാമലൈ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഡിഎംകെ സർക്കാരിനെ പുറത്താക്കുന്നതുവരെ താൻ പാദരക്ഷകൾ ധരിക്കില്ലെന്നു പ്രഖ്യാപിച്ച് കഴിഞ്ഞദിവസം പത്രസമ്മേളനത്തിനിടെ തന്റെ ഷൂ അഴിച്ചുമാറ്റിയും അദ്ദേഹം പ്രതിഷേധിച്ചിരുന്നു.
ലൈംഗികാതിക്രമത്തിനിരയായ പെൺകുട്ടിയുടെ വ്യക്തിവിവരം പുറത്തുവിട്ട സംസ്ഥാന പോലീസിനെയും അണ്ണാമലെ രൂക്ഷമായി വിമര്‍ശിച്ചു. എഫ്ഐആർ പുറത്തുവിട്ടതു വഴി പെൺകുട്ടിയുടെ സ്വകാര്യത ലംഘിക്കപ്പെട്ടതായും ഇരയെ മോശമായി ചിത്രീകരിക്കുന്ന രീതിയിലാണ് എഫ്ഐആർ തയാറാക്കിയതെന്നും അണ്ണാമലൈ ആരോപിച്ചു. ചെന്നൈ അണ്ണാ സർവകലാശാലാ കാന്പസിലാണ് വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ടത്.
നാലാം വര്‍ഷ വിദ്യാര്‍ഥിക്കൊപ്പം പള്ളിയില്‍ പാതിരാ കുര്‍ബാനയിൽ പങ്കെടുത്ത ശേഷം മടങ്ങിവരുന്നതിനിടെയാണ് വിദ്യാര്‍ഥിനി മാനഭംഗത്തിനിരയായത്. രണ്ടുപേര്‍ ചേര്‍ന്ന് സുഹൃത്തിനെ മർദിച്ച് അവശനാക്കിയശേഷം വിദ്യാര്‍ഥിനിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
കേസിൽ ജ്ഞാനശേഖരൻ(37) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഡിഎംകെ പ്രവർത്തകനാണെന്ന പ്രതിപക്ഷ ആരോപണം ഡിഎംകെ തള്ളി. അണ്ണാമലെയുടെ പ്രതിഷേധം വെറും പ്രഹസനമാണെന്ന് ഡിഎംകെ സംഘടനാ സെക്രട്ടറി ആർ.എസ്. ഭാരതി പരിഹസിച്ചു.
മണിപ്പുരിലെ സംഭവങ്ങളിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കുറ്റകൃത്യങ്ങളിലും അണ്ണാമലൈ പ്രതിഷേധിക്കാത്തത് എന്തുകൊണ്ടാണെന്നും ഭാരതി ചോദിച്ചു.