മഞ്ഞുവീഴ്ച: കാഷ്മീരിൽ ജനജീവിതം നിശ്ചലം
Sunday, December 29, 2024 1:28 AM IST
ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് കാഷ്മീർ താഴ്വരയിൽ ജനജീവിതം നിശ്ചലമായി. സീസണിലെ ഏറ്റവും കനത്ത ഹിമപാതത്തെത്തുടർന്ന് റോഡ്, റെയിൽ, വ്യോമ ഗതാഗതങ്ങൾ നിർത്തിവച്ചു. വൈദ്യുതി, ജല വിതരണവും തടസപ്പെട്ടു.
മഞ്ഞുപാളികൾ നീക്കം ചെയ്യുന്ന ജോലികളെക്കുറിച്ച് ജില്ലാ കലക്ടർമാരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ചർച്ച ചെയ്തു.
വെള്ളിയാഴ്ച മുതൽ കാഷ്മീരിൽ അതിശക്തമായ ഹിമപാതമാണ് അനുഭവപ്പെടുന്നത്. സൗത്ത് കാഷ്മീർ ജില്ലയിൽ പലയിടത്തും രണ്ടടിയിലേറെ ഉയരത്തിലാണ് മഞ്ഞ് നിറഞ്ഞിരിക്കുന്നത്.