ഡോ. മൻമോഹൻ സിംഗിനെ അനുസ്മരിച്ച് പ്രമുഖർ
Saturday, December 28, 2024 2:55 AM IST
ഇന്ത്യക്ക് മഹാനായ ഒരു മനുഷ്യനെ നഷ്ടപ്പെട്ടു; ഫ്രാൻസിന് ഒരു സുഹൃത്തിനെയും.
ഇമ്മാനുവൽ മക്രോണ് (ഫ്രഞ്ച് പ്രസിഡന്റ്)
മൻമോഹൻ സിംഗ് വളരെ മികച്ച ഒരു രാഷ്ട്രതന്ത്രജ്ഞനായിരുന്നു. റഷ്യയും ഇന്ത്യയും തമ്മിലുള്ള സുഹൃദ്ബന്ധത്തെ പ്രത്യേക പരിഗണനയുള്ള നയതന്ത്രബന്ധമെന്ന തലത്തിലേക്ക് ഉയർന്നതിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ സംഭാവനകളും കാരണമാണ്.
വ്ലാദിമിർ പുടിൻ (റഷ്യൻ പ്രസിഡന്റ്)
വിട വാങ്ങിയത് ഇന്ത്യയെ സാന്പത്തിക ഭീമന്മാരായി ഉയർത്തുന്നതിൽ നിർണായക പങ്കു വഹിച്ച ഭരണാധികാരിയാണ്.
അൻവർ ഇബ്രാഹിം (മലേഷ്യൻ പ്രധാനമന്ത്രി)
ഇന്ത്യ-അമേരിക്ക നയതന്ത്രബന്ധം വിജയിപ്പിച്ചതിൽ പ്രധാനിയാണു ഡോ. മൻമോഹൻസിംഗ്. കഴിഞ്ഞ രണ്ടു ദശകങ്ങളായി വിജയകരമായി തുടരുന്ന ഇന്ത്യ-അമേരിക്കൻ ബന്ധത്തിന്റെ അടിത്തറ പാകിയത് മൻമോഹൻ സിംഗിന്റെ പ്രവർത്തനങ്ങളാണ്.
ആന്റണി ബ്ലിങ്കൻ (അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി)
റിസർവ് ബാങ്ക് ഗവർണർ സ്ഥാനം മുതൽ പ്രധാനമന്ത്രി പദം വരെ വഹിച്ചിട്ടുള്ള മൻമോഹൻ സിംഗ് രാജ്യത്തിന്റെ ഭരണനിർവഹണത്തിൽ സുപ്രധാന സ്ഥാനം വഹിച്ചിട്ടുള്ള ഭരണാധികാരിയാണ്.
അമിത് ഷാ (കേന്ദ്ര ആഭ്യന്തര മന്ത്രി)
1991ലെ ബജറ്റ് പ്രഖ്യാപനത്തിലൂടെ ഇന്ത്യൻ സന്പദ് വ്യവസ്ഥയെ ഉദാരവത്കരിച്ച ഭരണാധികാരി. സൗമ്യനും മിതഭാഷിയുമായ അദ്ദേഹം എല്ലാവർക്കും ബഹുമാന്യനായിരുന്നു.
നിർമല സീതാരാമൻ (കേന്ദ്ര ധനമന്ത്രി)
രാജ്യത്തിന്റെ ക്ഷേമം എല്ലാറ്റി നും മുകളിലായി ഉയർത്തിപ്പിടിച്ച നേതാവ്. ഇന്ത്യയുടെ സന്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകിയ അദ്ദേഹത്തിന്റെ അമൂല്യമായ സംഭാവനകൾ രാജ്യത്തിന്റെ പുരോഗതിയുടെ മൂലക്കല്ലാണ്.
നിതിൻ ഗഡ്കരി (കേന്ദ്ര ഗതാഗതമന്ത്രി)
ദുഷ്കരമായ സാഹചര്യത്തിൽ ഇന്ത്യയുടെ സന്പദ് വ്യവസ്ഥയെ പടുത്തുയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച നേതാവാണ് മൻമോഹൻ സിംഗ്.
രാജ്നാഥ് സിംഗ് (കേന്ദ്ര പ്രതിരോധമന്ത്രി)
മൻമോഹൻ സിംഗിന് ലഭിച്ച ബഹുമാനം നേടിയെടുക്കാൻ വളരെകുറച്ച് രാഷ്ട്രീയനേതാക്കൾക്കേ സാധിച്ചിട്ടുള്ളൂ. എതിരാളികൾ ന്യായമല്ലാത്ത വ്യക്തിപരമായ ആക്രമണങ്ങൾ അഴിച്ചുവിട്ടപ്പോഴും രാജ്യത്തിനായുള്ള കർത്തവ്യം അദ്ദേഹം ഉയർത്തിപ്പിടിച്ചു.
പ്രിയങ്ക ഗാന്ധി (എഐസിസി ജനറൽ സെക്രട്ടറി)
1991 മുതൽ 2014 വരെയുള്ള അദ്ദേഹത്തിന്റെ ജീവിതവും സേവനവും രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു സുവർണ അധ്യായമാണ്. ഇന്ത്യയുടെ ചരിത്രം അദ്ദേഹം ധനമന്ത്രിയായതിനുശേഷം മാറ്റിയെഴുതി. അദ്ദേഹം ധനമന്ത്രിയായും പ്രധാനമന്ത്രിയായും സൃഷ്ടിച്ച നയങ്ങളുടെ ഫലമായി ഉണ്ടായതാണ് രാജ്യത്തെ ഇപ്പോഴുള്ള മധ്യവർഗ വിഭാഗം.
പി. ചിദംബരം (മുൻ കേന്ദ്ര ധനമന്ത്രി)
ബൗദ്ധികമായി ഉയർന്നുനിൽക്കുന്ന നേതാവ്, വൈദഗ്ധ്യമുള്ള സാന്പത്തിക ശാസ്ത്രജ്ഞൻ, പക്ഷേ അതിനുമൊക്കെ മുകളിൽ സൗമ്യമായ വ്യക്തിത്വമുണ്ടായിരുന്ന മാന്യനാണ് ഡോ. മൻമോഹൻസിംഗ്.
ഒമർ അബ്ദുള്ള (ജമ്മു കാഷ്മീർ മുഖ്യമന്ത്രി)
അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിനും ജ്ഞാനത്തിനും അതിരുകളില്ല.
മമത ബാനർജി (ബംഗാൾ മുഖ്യമന്ത്രി)