അണ്ണാ സർവകലാശാലയിലെ ലൈംഗികപീഡനം: അന്വേഷണത്തിനു പ്രത്യേകസംഘം വേണമെന്ന് ഹൈക്കോടതി
Sunday, December 29, 2024 1:28 AM IST
ചെന്നൈ: അണ്ണാ സർവകലാശാലയുടെ കീഴിലുള്ള എൻജിനിയറിംഗ് കോളജിലെ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്നു മദ്രാസ് ഹൈക്കോടതി.
ഇപ്പോൾ നടക്കുന്ന അന്വേഷണത്തിലെ പാകപ്പിഴകൾക്കൊപ്പം എഫ്ഐആർ തയാറാക്കുന്നതിലെ ഗുരുതര വീഴ്ചകളും അന്വേഷിക്കണമെന്ന് ജസ്റ്റീസ് എസ്.എം. സുബ്രഹ്മണ്യവും ജസ്റ്റീസ് വി. ലക്ഷ്മിനാരായണനും അടങ്ങുന്ന ബെഞ്ച് നിർദേശിച്ചു. സംഭവത്തിൽ സ്വമേധയാ ഹൈക്കോടതി കേസെടുത്തിരുന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രണ്ടു പൊതുതാത്പര്യ ഹർജികളും കോടതിയുടെ പരിഗണനയിലെത്തിയിരുന്നു. വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ ബി. സ്നേഹപ്രിയ, എസ്. ബൃന്ദ, അയമന്‍ ജമാല്‍ എന്നിവർ ഉൾപ്പെടുന്ന സംഘം കേസ് അന്വേഷിക്കണം.
പോലീസ് ഇതുവരെ നടത്തിയ അന്വേഷണത്തിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കേസിലെ എഫ്ഐആറിന്റെ ഭാഷ ഞെട്ടിക്കുന്നതും അപലപനീയവുണ്. പെൺകുട്ടിയെ തിരിച്ചറിയാൻ കഴിയുംവിധമാണ് എഫ്ഐആർ തയാറാക്കിയത്. ഈ സാഹചര്യത്തിൽ മാനസിക പീഡനത്തിന്റെ പേരിൽ പെൺകുട്ടിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.
എഫ്ഐആറിലെ ഭാഷ ഇരയെ കുറ്റപ്പെടുത്തുന്നതുപോലെയാണ്. ഒരു പ്രതി മാത്രമെന്ന ചെന്നൈ പോലീസ് കമ്മീഷണറുടെ പ്രസ്താവന മുന്‍വിധി സൃഷ്ടിക്കുമെന്നും കമ്മീഷണറുടെ വാര്‍ത്താസമ്മേളനം ചട്ടപ്രകാരമോ എന്നു പരിശോധിച്ച് നടപടി എടുക്കണമെന്നും കോടതി നിർദേശിച്ചു. വിദ്യാര്‍ഥിനിയുടെ പഠനച്ചെലവ് സര്‍വകലാശാല ഏറ്റെടുക്കണം. ഹോസ്റ്റല്‍ ഫീസ് അടക്കം മുഴുവന്‍ ചെലവും വഹിക്കണം. സര്‍വകലാശാലാ ഐസിസി ഉടച്ചുവാര്‍ക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ക്രിസ്മസ് ദിവസം രാത്രി എട്ടുമണിക്കുശേഷമാണ് കാന്പസിനുള്ളില്‍ വിദ്യാര്‍ഥിനി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടിയും ആണ്‍സുഹൃത്തും പള്ളിയില്‍നിന്നു തിരികെ വരുമ്പോൾ രണ്ടുപേര്‍ സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടു പോയി ആക്രമിക്കുകയായിരുന്നു. തുടർന്ന് അക്രമികൾ രക്ഷപ്പെട്ടു.
സംഭവത്തിൽ കോളജിനു സമീപമുള്ള ജ്ഞാനശേഖരനെ അറസ്റ്റ്ചെയ്തിരുന്നു. വഴിയോരത്ത് ബിരിയാണി വില്‍ക്കുന്നയാളാണ് ഇയാൾ. പ്രതിയുടെ അറസ്റ്റിനു പിന്നാലെ ഇയാൾക്കു ഡിഎംകെ ബന്ധമുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
പ്രശ്നത്തിൽ വിദ്യാർഥി സംഘടനകളും പ്രതിപക്ഷ കക്ഷികളും ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ ഗവർണർ ആർ.എൻ. രവി ഇന്നലെ കാന്പസിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. അതിക്രമം നടന്ന സ്ഥലവും ഗവർണർ സന്ദർശിച്ചു. കാന്പസിൽ സുരക്ഷ വർധിപ്പിക്കണമെന്ന് സർവകലാശാലാ രജിസ്ട്രാർക്ക് അദ്ദേഹം നിർദേശം നൽകി.
മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരം പ്രത്യേകസംഘത്തെ ഉടൻ നിയോഗിക്കുമെന്ന് തമിഴ്നാട് നിയമമന്ത്രി എസ്. രഘുപതി പറഞ്ഞു.
അതിനിടെ അന്വേഷണത്തിനായി രണ്ടംഗ വസ്തുതാന്വേഷണ സമിതിയെ നിയോഗിച്ചതായി ദേശീയ വനിതാ കമ്മീഷൻ അറിയിച്ചു. വനിതാ കമ്മീഷൻ അംഗം മമത കുമാരി, മുൻ മഹാരാഷ്ട്ര ഡിജിപി പർവീൺ ദീക്ഷിത് എന്നിവരാണ് സമിതി അംഗങ്ങളെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ വിജയ രഹാത്കർ അറിയിച്ചു.