മൻമോഹൻ സിംഗിനെ കേന്ദ്രസർക്കാർ അപമാനിച്ചെന്ന് രാഹുൽ ഗാന്ധി
Sunday, December 29, 2024 1:28 AM IST
ന്യൂഡൽഹി: ഡോ. മൻമോഹൻ സിംഗിന്റെ ഭൗതികദേഹം നിഗംബോധ് ഘട്ടിലെ പൊതുശ്മശാനത്തിൽ അടക്കം ചെയ്തതോടെ കേന്ദ്രസർക്കാർ അദ്ദേഹത്തെ അപമാനിച്ചതായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
സംസ്കാരത്തിനും സ്മാരകത്തിനും ഒരു സ്ഥലം അനുവദിക്കണമായിരുന്നുവെന്നും എന്നാൽ കേന്ദ്രസർക്കാർ തയാറായില്ലെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ രാഹുൽ കുറ്റപ്പെടുത്തി. ഭാരതമാതാവിന്റെ മഹാനായ പുത്രനും സിക്ക് സമുദായത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിംഗിന്റെ അന്ത്യകർമങ്ങൾ നിഗംബോധ് ഘട്ടിൽ നടത്തിയതിലൂടെ അപമാനം വ്യക്തമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
എന്നാൽ, അദ്ദേഹത്തിനായി സ്മാരകം സ്ഥാപിക്കാനുള്ള തീരുമാനം വെള്ളിയാഴ്ച തന്നെ കോണ്ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നതായും കോണ്ഗ്രസ് വിഷയത്തിൽ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
രാജ്യത്തിന്റെ സാന്പത്തിക വികസനത്തിന് അടിത്തറ പാകിയ മൻമോഹൻ സിംഗിന് അർഹമായ ബഹുമതികൾ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ബിജെപി ദേശീയ വക്താവും രാജ്യസഭ എംപിയുമായ സുധാംശു ത്രിവേദി പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിൽ രാജ്യം ദുഃഖിക്കുന്ന വേളയിലെങ്കിലും രാഷ്ട്രീയം ഒഴിവാക്കണമെന്ന് ബിജെപി വക്താവ് ആവശ്യപ്പെട്ടു.