മൻമോഹൻ സിംഗിന് സ്മാരകം അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ
Sunday, December 29, 2024 1:28 AM IST
ന്യൂഡൽഹി: ഡോ. മൻമോഹൻ സിംഗിന്റെ സ്മാരകത്തിനായി സ്ഥലം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
ഇതിനായി ട്രസ്റ്റ് രൂപീകരിക്കേണ്ടതുണ്ട്. അതിനുശേഷം സ്ഥലം കൈമാറ്റം ചെയ്യുമെന്നും ഇക്കാര്യം മൻമോഹൻ സിംഗിന്റെ കുടുംബത്തെയും കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും അറിയിച്ചതായും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ട്രസ്റ്റ് രൂപീകരിച്ച് സ്ഥലം കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ സംസ്കാര ചടങ്ങുകൾ യമുനാ നദീതീരത്തെ നിഗംബോധ് ഘട്ടിൽ നടക്കട്ടേയെന്നുമായിരുന്നു കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട്.
സ്മാരകം സംബന്ധിച്ച വിഷയത്തിൽ കേന്ദ്രസർക്കാർ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു.
സ്മാരകം നിർമിക്കാൻ പറ്റുന്ന സ്ഥലത്ത് സംസ്കാരം നടത്തണമെന്നായിരുന്നു പാർട്ടിയും കുടുംബവും ആവശ്യപ്പെട്ടത്. രാജ്ഘട്ടിനോടു ചേർന്ന ഭാഗത്ത് എവിടെയെങ്കിലും വേണമെന്ന നിർദേശവും മുന്നോട്ടുവച്ചിരുന്നു.
അല്ലെങ്കിൽ സർക്കാരിനു നിർദേശിക്കാമെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ കണ്ട് ആവശ്യപ്പെട്ടിരുന്നതായും വേണുഗോപാൽ പറഞ്ഞു. സംസ്കാരവും സ്മാരകവും ഒരു സ്ഥലത്തായിരിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ കേന്ദ്രസർക്കാരിന്റെ സമീപനം അങ്ങേയറ്റം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.