ഇന്ത്യന്‍ സമ്പദ്ഘടനയെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച മാന്ത്രികന്
Saturday, December 28, 2024 2:55 AM IST
എ.കെ. ആന്റണി
ഒരു മജീഷ്യനെപ്പോലെ, തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ സമ്പദ്ഘടനയെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് സുശക്തമാക്കിയ പ്രതിഭാധനനായിരുന്നു മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ്. അദ്ദേഹത്തിന്റെ വിയോഗം സമീപകാലത്ത് രാഷ്ട്രത്തിന് നേരിട്ട ഏറ്റവും വലിയ നഷ്ടമാണ്; ഒരു ദേശീയ നഷ്ടം.
തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ സമ്പദ്ഘടനയെ രക്ഷിക്കുന്നതിനു വേണ്ടി അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു കണ്ടെത്തിയത് രാഷ്ട്രീയക്കാരനല്ലാത്ത, സാമ്പത്തിക വിദഗ്ധനായ ഡോ. മന്മോഹന് സിംഗിനെയാണ്. റാവു മന്ത്രിസഭയില്‍ അദ്ദേഹം ധനമന്ത്രിയായപ്പോള്‍ രാഷ്ട്രീയക്കാരില്‍ പലരും നെറ്റിചുളിച്ചു. രാഷ്ട്രീയം അറിയാത്ത ഈ മനുഷ്യന് അഗാധമായ ഗര്‍ത്തത്തില്‍നിന്ന് ഇന്ത്യയെ എങ്ങനെ രക്ഷിക്കുമെന്നു സംശയം പ്രകടിപ്പിച്ചു.
പക്ഷേ റാവു സര്‍ക്കാരില്‍ മന്ത്രിയായി പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ മന്മോഹന് സിംഗ് ഒരു മജീഷ്യനെപ്പോലെ ഇന്ത്യന്‍ സമ്പദ്ഘടനയെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു. ഉദാരവത്കരണത്തിന്റെ പാതയിലേക്കു രാജ്യത്തെ നയിച്ച അദ്ദേഹം പത്തുവര്‍ഷംകൊണ്ട് ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നാക്കി മാറ്റുന്നതിന് അടിത്തറപാകി.
അതുവരെ രാഷ്ട്രീയമില്ലാതിരുന്ന അദ്ദേഹം ധനകാര്യ മന്ത്രിയായ അന്നുതന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിൽ അംഗത്വമെടുത്തു. അന്നു മുതല്‍ മരണംവരെ കോണ്‍ഗ്രസിന്റെ അര്‍പ്പണബോധമുള്ള, അച്ചടക്കമുള്ള നേതാവായി പ്രവര്‍ത്തിച്ചു.
ധനകാര്യമന്ത്രിയായതിനു പിന്നാലെ ലൈസന്‍സ് രാജും ക്വാട്ട രാജും അദ്ദേഹം അവസാനിപ്പിച്ചു. രാജ്യത്തെ ഉദാരവത്കരണത്തിന്റെ പാതയിലേക്കു നയിക്കാന്‍ തുടങ്ങി. രാഷ്ട്രീയമില്ലാതിരുന്ന മന്മോഹന് സിംഗ് ഇന്ത്യയുടെ ധനമന്ത്രിയായത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒന്നാമത്തെ യാദൃച്ഛിക അദ്ഭുതമായി.
അതിനുശേഷം മറ്റൊരു യാദൃച്ഛിക അത്ഭുതംകൂടി ഉണ്ടായി. ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് എല്ലാവരും ആഗ്രഹിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം നിലപാട് മുന്നോട്ടു വയ്ക്കുകയും ചെയ്തു. എന്നാല്‍, പ്രധാനമന്ത്രിസ്ഥാനത്തേക്ക് താനില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ സോണിയ ഗാന്ധി, പകരം നിര്‍ദേശിച്ചത് ഡോ. മന്മോഹന് സിംഗിന്റെ പേരാണ്.
ഇതു കേട്ട് രാജ്യത്തുതന്നെ പലരും നെറ്റിചുളിച്ചു. രാഷ്ട്രീയക്കാരനല്ലാത്ത, ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ച് ഒന്നുമറിയാത്ത, മന്മോഹന് ഈ കുഴപ്പം പിടിച്ച കാലഘട്ടത്തില്‍ രാജ്യത്തെ എങ്ങനെ മുന്നോട്ടു നയിക്കുമെന്ന സംശയമായിരുന്നു അതിനു പിന്നില്‍. എന്നാല്‍, പത്തു വര്‍ഷത്തെ ഭരണത്തിലൂടെ ലോകം പരിണതപ്രജ്ഞരായ ഭരണാധികാരികളുടെ നിരയില്‍ ഒന്നാമതായി നില്‍ക്കേണ്ട ആളാണ് താനെന്ന് അദ്ദേഹം രാജ്യത്തെ ബോധ്യപ്പെടുത്തി.
പ്രതിസന്ധിയുണ്ടാകുമ്പോള്‍ ലോകനേതാക്കള്‍ ഏറ്റവും കൂടുതല്‍ കാതോര്‍ത്തത് ഡോ. മന്‍മോഹന്‍സിംഗ് എന്തു പറയുന്നു എന്നു കേള്‍ക്കാനാണ്. രാഷ്ട്രങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോള്‍ എപ്പോഴും തേടിയിരുന്നത് മന്മോഹന് സിംഗിന്റെ അഭിപ്രായമായിരുന്നു.
പ്രധാനമന്ത്രിയായ അദ്ദേഹം അതിശയകരമായ ഒരുപാട് പരിഷ്കാരങ്ങള്‍ക്കു നേതൃത്വം നല്കി. ഉദാരവത്കരണത്തിന്റെ ഭാഗമായാണ് ഇന്നു ലോകത്തിന്റെ പലഭാഗങ്ങളിലും തൊഴിലന്വേഷിക്കുന്ന ലക്ഷക്കണക്കിന് മലയാളികള്‍ സ്വാഗതം ചെയ്യപ്പെടുന്നത്. ഉദാരവത്കരണത്തിനു സമാന്തരമായി മറ്റൊരു നയം കൂടി അദ്ദേഹം സ്വീകരിച്ചു.
രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെയും തൊഴിലില്ലാത്തവരുടെയും കിടപ്പാടമില്ലാത്തവരുടെയും പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരമുണ്ടാക്കുക എന്നതായിരുന്നു അത്. ഈ നിലപാടില്‍ ഉറച്ചുനിന്ന അദ്ദേഹം തന്റെ പത്തുവര്‍ഷത്തെ ഭരണകാലത്ത് നടപ്പിലാക്കിയ ഏറ്റവും മികച്ച പരിഷ്കാരം ഭക്ഷ്യസുരക്ഷ നിയമമാണ്.
ആ നിയമത്തിന്റെ ഫലമായി കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് വളരെ ചെറിയ വിലയ്ക്ക് ഭക്ഷണസാധനങ്ങള്‍ കിട്ടുന്ന സാഹചര്യമുണ്ടായി. ആ ഭക്ഷ്യസുരക്ഷ നിയമം ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. ഉണ്ട്, ഇല്ല; ഉണ്ട്, ഇല്ല എന്നു പറയേണ്ടി വരും.
തൊഴിലോ വരുമാനമോ ഇല്ലാത്ത കോടാനുകോടി പാവപ്പെട്ടവര്‍ക്കുവേണ്ടി മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അദ്ദേഹത്തിന്റെ ഭരണകാലത്ത് നടപ്പിലാക്കി. കൃഷിക്കാര്‍ കടക്കെണിയിലായി ആത്മഹത്യ ചെയ്യുന്ന സമയത്ത് 72,000 കോടി രൂപയോളം വരുന്ന, കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ അദ്ദേഹം ധീരമായ നിലപാടെടുത്തു. ഇതൊക്കെ അദ്ദേഹത്തിനുമാത്രം കഴിയുന്ന കാര്യങ്ങളായിരുന്നു.
ആദിവാസികളുടെ ഭൂമി ഏറ്റെടുക്കണമെങ്കില്‍ ഗ്രാമസഭകളുടെകൂടി അനുമതി വേണമെന്ന നിയമം അദ്ദേഹത്തിന്റെ ഭരണകാലത്ത് കൊണ്ടുവന്നു. അങ്ങനെ രാജ്യത്തിന്റെ സാമൂഹ്യ-സാമ്പത്തിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്ന ഒരുപാട് നിയമങ്ങള്‍ അദ്ദേഹം നടപ്പിലാക്കി. ഈ രാജ്യത്തിന്റെ മുഖച്ഛായ മാറ്റാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അന്താരാഷ്ട്രരംഗത്ത് മന്‍മോഹന്‍സിംഗ് അതികായനായി മാറി. ലോകരാഷ്ട്രങ്ങളെല്ലാം ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ശ്രമിച്ചു.
ലോകത്തെ വന്‍കിട രാഷ്ട്രങ്ങളും ചെറിയ രാഷ്ട്രങ്ങളും ഇന്ത്യയുമായി പ്രതിരോധ കരാര്‍ ഒപ്പിടാന്‍ മത്സരിക്കുകയായിരുന്നു. അക്കാലത്തെ പ്രതിരോധമന്ത്രി എന്ന നിലയില്‍ ഇക്കാര്യങ്ങളെല്ലാം എനിക്കു ബോധ്യമുള്ളതാണ്. അന്‍പതിലേറെ രാഷ്ട്രങ്ങളുമായി ഇന്ന് ഇന്ത്യക്കു പ്രതിരോധ കരാറുകളുണ്ട്. അതിനു പ്രധാന കാരണക്കാരന്‍ ഡോ. മന്മോഹന് സിംഗാണ്.
ചൈനയുമായുള്ള തര്‍ക്കങ്ങളിലെല്ലാം അദ്ദേഹം ക്ഷമയോടെ പ്രവര്‍ത്തിച്ചു. ഒരിഞ്ചു ഭൂമി പോലും നഷ്ടപ്പെടാതെ പ്രശ്നങ്ങള്‍ക്കു രമ്യമായ പരിഹാരമുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതിര്‍ത്തിയിലെ സുരക്ഷ വര്‍ധിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു.
സൈന്യത്തിന് ആവശ്യമായ ആയുധങ്ങള്‍ നല്കി. സാമ്പത്തികമായും സൈനികമായും ലോകത്തെ പ്രധാനപ്പെട്ട രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെ ഉയര്‍ത്തി. ഇന്ത്യയിലെ സൈനികര്‍ ഏറ്റവും കൂടുതല്‍ ആദരിക്കുന്ന പ്രധാനമന്ത്രിയായി അദ്ദേഹം മാറി.
കേരളത്തോട് എന്നും ഉദാരമായ സമീപനമാണ് അദ്ദേഹം പുലര്‍ത്തിയത്. കോണ്‍ഗ്രസ് ഭരിച്ചപ്പൊഴും ഇടതുപക്ഷം ഭരിച്ചപ്പോഴും ഒരു വ്യത്യാസവും കാണിച്ചില്ല. കേരളം ചോദിച്ച കാര്യങ്ങളില്‍ പരമാവധി അനുവദിച്ചു.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ ഫെഡറലിസത്തിന്റെ യഥാര്‍ഥ സ്പിരിറ്റ് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തയാറായി. അദ്ദേഹത്തിന്റെ ഭരണകാലത്ത് വിവേചനത്തക്കുറിച്ച് ഒരു സംസ്ഥാനവും പറഞ്ഞിട്ടില്ല. കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ നന്നായി കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം എപ്പോഴും ശ്രദ്ധചെലുത്തി.
ഇന്ത്യയുടെ ബഹുസ്വരതയും ഫെഡറലിസവും മതമൈത്രിയും കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ എക്കാലവും രാജ്യം അനുസ്മരിക്കും. സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യത്ത് പല സംസ്ഥാനങ്ങളിലും പ്രതിരോധ വകുപ്പിന് ഒരുപാട് വ്യവസായങ്ങള്‍ വന്നു. എന്നാൽ, കേരളത്തില്‍ ആദ്യമായി പ്രതിരോധ വകുപ്പിനു വ്യവസായമുണ്ടായത് മന്മോഹന് സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്.
ബ്രഹ്മോസ് ഉള്‍പ്പെടെ കേരളത്തിലെ പല ജില്ലകളിലുമുണ്ടായ വ്യവസായങ്ങള്‍ ഇതിന് ഉദാഹരണമാണ്. കണ്ണൂര്‍ ജില്ലയിലെ ഏഴിമല അക്കാദമി കമ്മീഷന് ചെയ്തത് അദ്ദേഹത്തിന്റെ കാലത്താണ്. അങ്ങനെ പറഞ്ഞാല്‍ തീരാത്തത്ര നേട്ടങ്ങള്‍ ഉണ്ടാക്കിയ പ്രധാനമന്ത്രിയായിരുന്നു മന്മോഹന് സിംഗ്.
ലാളിത്യവും സത്യസന്ധതയും നീതിബോധവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ആര്‍ഭാടങ്ങള്‍ ഒട്ടുമില്ലാത്ത അദ്ദേഹത്തിന്റെ ലളിതജീവിതം ഇന്ത്യക്കാര്‍ ഒരിക്കലും മറക്കുകയില്ല. ഏഴു വര്‍ഷവും ഏഴ് മാസവും ഞാന്‍ അദ്ദേഹത്തൊടൊപ്പം പ്രവര്‍ത്തിച്ചു. സഹപ്രവര്‍ത്തകരോട് മാന്യതയും ബഹുമാനവും പ്രകടിപ്പിച്ച പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ കാലത്ത് പ്രതിരോധ വകുപ്പിന് കൂടുതല്‍ ഫണ്ട് അനുവദിച്ചു. മന്ത്രി എന്ന നിലയില്‍ എനിക്ക് ഏറ്റവും കൂടുതല്‍ പരിഗണന തന്നു. കാര്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്തു. വ്യക്തിപരമായി എനിക്ക് ഒരിക്കലും അദ്ദേഹത്തെ മറക്കാന്‍ കഴിയില്ല.
നല്ല മനുഷ്യര്‍ ധാരാളമുണ്ട്. പക്ഷേ ഇങ്ങനെയൊരു നല്ല മനുഷ്യന് വേറെയുണ്ടോ. രാജ്യത്തിനു വേണ്ടിമാത്രം ജീവിച്ച മനുഷ്യന്. എല്ലാവരും ഒന്നടങ്കം ബഹുമാനിക്കുന്ന നേതാവായിരുന്നു അദ്ദേഹം.
ആ ശൂന്യത പെട്ടെന്നൊന്നും നികത്താനാവില്ല. ഇതുപൊലൊരു മനുഷ്യന് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു എന്നു പറഞ്ഞാല്‍ നാളത്തെ തലമുറ അതു വിശ്വസിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.